ബിൽ കുടിശ്ശികയുടെ പേരിൽ ആശുപത്രികളിൽ രോഗികളെയും മൃതദേഹങ്ങളെയും തടഞ്ഞുവെക്കരുത്; ആരോഗ്യമന്ത്രാലയം
പണം ഈടാക്കുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാം
ദമ്മാം: സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ ബിൽ കുടിശ്ശികയുടെയും മറ്റു സാമ്പത്തിക ബാധ്യകതകളുടെയും പേരിൽ രോഗികളെയും നവജാത ശിശുക്കളെയും മൃതദേഹങ്ങളെയും തടഞ്ഞുവെക്കരുതെന്ന് ആരോഗ്യ മന്ത്രാലയം.
രോഗികളുടെ തിരിച്ചറിയൽ രേഖകൾ തടഞ്ഞ് വെക്കുന്നതിനും ആശുപത്രി അധികൃതർക്ക് അവകാശമില്ല. പകരം ആശുപത്രിക്ക് നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി ആരോഗ്യ മന്ത്രാലയമാണ് വിശദീകരണം നൽകിയത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് ശേഷം സാമ്പത്തിക ബാധ്യതയോ ബിൽ കുടിശ്ശികയോ വരുത്തിയാൽ രോഗികളെയും നവജാത ശിശുക്കളെയും മൃതദേഹങ്ങളെയും തടഞ്ഞുവെക്കുന്ന നടപടിക്ക് നിയമ സാധുതയില്ല. ഇത്തരം നടപടികൾ സ്വീകരിക്കുന്ന ആശുപത്രികൾക്ക് ഇതിനവകാശമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതുപോലെ രോഗികളുടെ ഔദ്യോഗിക തിരിച്ചറിയിൽ രേഖകൾ തടഞ്ഞ് വെക്കുന്നതിനും ആശുപത്രികൾക്ക് അവകാശമില്ല. പകരം കുടിശ്ശിക ഈടാക്കാൻ ഔദ്യോഗിക മാർഗങ്ങളിലൂടെ നിയമാനുസൃത നടപടികൾ സ്വീകരിക്കാവുന്നതാണെന്നും മന്ത്രാലയം വിശദീകരിച്ചു. ക്രിമിനൽ സംഭവങ്ങൾ, രോഗികൾക്കോ കിടപ്പുരോഗികൾക്കോ സംഭവിക്കുന്ന മരണം എന്നിവ സംഭവിച്ചാൽ ആരോഗ്യ സ്ഥാപനങ്ങൾ അടുത്തുള്ള സുരക്ഷാ അതോറിറ്റിയെയും ആരോഗ്യ ഡയറക്ടറേറ്റിനെയും അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.