സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട
രണ്ട് വ്യത്യസ്ഥ ഓപ്പറേഷനുകളിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്കുമരുന്ന് ഗുളികകളാണ് സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
സൗദിയിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ജിദ്ദ, ദുബൈ തുറമുഖങ്ങളിൽ നിന്നായി 24.83 ലക്ഷം രൂപയുടെ മയക്ക് മരുന്ന് ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
രണ്ട് വ്യത്യസ്ഥ ഓപ്പറേഷനുകളിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്കുമരുന്ന് ഗുളികകളാണ് സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. ജിദ്ദ ഇസ്ലാമിക് പോർട്ടിലും ദുബ തുറമുഖത്ത് വെച്ചുമാണ് ഇവ പിടിക്കപ്പെട്ടത്. പ്ലാസ്റ്റിക് കയ്യുറ ബോക്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 20.6 ലക്ഷത്തിലധികം ക്യാപ്റ്റഗൺ മയക്ക് മരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ദുബൈ തുറമുഖത്ത് വെച്ച് 4.23 ലക്ഷം ഗുളികകളും പിടികൂടി. ഇവിടെ എത്തിയ ഓറഞ്ചുകൾ അടങ്ങിയ ചരക്ക് ട്രക്കുകളിൽ ഒന്നിൽ ഘടിപ്പിച്ചിരുന്ന സ്‌പെയർ ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
ഇരു സംഭവങ്ങളിലുമായി ഈ ചരക്കുകളുടെ സ്വീകാര്യകർത്താക്കളായ മൂന്ന് പേരെ രാജ്യത്തിനുള്ളിൽ വെച്ച് അറസ്റ്റ് ചെയ്തതായി അതോറിറ്റി സ്ഥിരീകരിച്ചു. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചായിരുന്നു നീക്കം. കള്ളക്കടത്ത് തടയാനും സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും ജനങ്ങൾ സഹകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ സ്വകാര്യമായി സംരക്ഷിക്കുമെന്നും സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.