സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ഇലക്ടോണിക് വിസ സംവിധാനം പുനരാരംഭിച്ചു
നാല് ഘട്ടങ്ങളിലൂടെ ഓണ്‍ലൈനായി വിസ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാം
സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ഇലക്ടോണിക് വിസ സംവിധാനം പുനരാരംഭിച്ചു. അഞ്ച് തരം വിസകളാണ് ഇന്ത്യയിലേക്ക് വരാനായി അനുവദിക്കുന്നത്. നാല് ഘട്ടങ്ങളിലൂടെ ഓണ്‍ലൈനായി വിസ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാം.
നേരത്തെ നിറുത്തി വെച്ചിരുന്ന ഇ വിസ സേവനങ്ങളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡ് വിസ, ഇ-കോൺഫറൻസ് വിസ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലും ഇ-വിസ സേവനം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ നേടാനും സൌദി പൌരന്മാർക്ക് ഇന്ത്യയിലേക്ക് വരാനും സാധിക്കും. റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചതാണിക്കാര്യം.
ഇന്ത്യൻ വിസ ഓൺലൈൻ എന്ന സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഫോട്ടോയും പാസ്‌പോർട്ട് പേജും അപ്‌ലോഡ് ചെയ്യണം. ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളോ പേയ്‌മെന്റ് വാലറ്റോ ഉപയോഗിച്ച് ഓൺലൈനായി ഇ വിസക്കുള്ള ഫീസ് അടക്കുകയാണ് അടുത്ത ഘട്ടം. ഉടൻ തന്നെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ അഥവാ ഇടിഎ അപേക്ഷകൻ്റെ ഇമെയിലിൽ ലഭിക്കും. ഇങ്ങിനെ ലഭിക്കുന്ന ഇടിഎ പ്രിൻ്റ് ചെയ്ത് യാത്ര വേളയിൽ പാസ്പോർട്ടിനോടൊപ്പം ഇ വിസ സ്റ്റാമ്പ് ചെയ്യുന്ന എമിഗ്രേഷൻ പോയിൻ്റിൽ സമർപ്പിക്കുന്നതോടെ നടിപടിക്രമങ്ങൾ പൂർത്തിയാകും.