ഈദ് നമസ്‌കാരം: മക്ക-മദീനയിൽ സംഗമിച്ചത് മുപ്പത് ലക്ഷത്തോളം വിശ്വാസികൾ
ഫലസ്തീനും അഖ്‌സ പള്ളിയുടെ മോചനത്തിനും പ്രത്യേക പ്രാർഥന


റിയാദ്: വ്രതശുദ്ധിയിലെ നന്മകളോടെ ഒമാനൊഴികെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഈദ് നമസ്‌കാരങ്ങൾ നടന്ന മക്ക മദീനയിൽ മുപ്പത് ലക്ഷത്തോളം വിശ്വാസികളാണ് സംഗമിച്ചത്. ഫലസ്തീനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി ഹറം ഇമാം പ്രാർഥിച്ചു. മലയാളി സമൂഹം വിവിധ ഈദുഗാഹുകളിലായി പങ്കുചേർന്നു.
ആത്മീയാഘോഷങ്ങളിലൂടെ ദൈവത്തിലേക്കടുത്ത ഒരു മാസം. അതിന് അത്തർ പൂശി പെരുന്നാളിലൂടെ ജീവിതത്തിലേറ്റു വാങ്ങുകയാണ് ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന്.
ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ലക്ഷക്കണത്തിന് വിശ്വാസികളുടെ സംഗമത്തിന് മക്ക മദീനയിലെ പെരുന്നാൾ പുലരി സാക്ഷ്യം വഹിച്ചു. മക്കയിൽ പ്രാർഥനക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസ് ഫലസ്തീനും അഖ്‌സ പള്ളിയുടെ മോചനത്തിനും പ്രത്യേകം പ്രാർഥിച്ചു. മദീനയിലെ പ്രവാചകന്റെ പള്ളിയിലും സമാനമായിരുന്നു തിരക്ക്. മക്കാ മദീനാ പള്ളികളും മുറ്റവും റോഡുകളും നിറഞ്ഞൊഴുകി.
മലയാളികളടക്കം ആയിരങ്ങൾ രണ്ട് ഹറമിലുമായി ഈദാഘോഷത്തിനെത്തി. വിവിധ ജിസിസി രാജ്യങ്ങളിലെ മലയാളികൾ ഈദ് ഗാഹുകളിലും മറ്റുമായി ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കമിട്ടു. ഒരാഴ്ചയോളം നീളുന്ന അവധി സൗദിയുൾപ്പെടെ രാജ്യങ്ങളിലുണ്ട്.