സൗദിയിൽ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ വ്യാപക പരിശോധന; 900 സ്ഥാപനങ്ങൾക്കെതിരെ നടപടി
നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് ഉപഹാരവും അതോറിറ്റി നൽകുന്നുണ്ട്
സൗദിയിൽ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ 900 സ്ഥാപനങ്ങൾക്ക് പിഴ. നികുതി രേഖപ്പെടുത്താത്ത ബില്ലുകളും, ഇലക്ട്രോണിക്സ് ബില്ലുകളും നൽകാത്തതിനാണ് പിഴ ചുമത്തിയത്. ഈ വർഷം ഡിസംബർ മാസത്തിനകം സ്ഥാപനങ്ങളിൽ ക്യൂ ആർ കോഡുള്ള ബില്ലിങ് മെഷീനുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ 8500 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. നിരവധി സ്ഥാപനങ്ങൾക്ക് താക്കീതും നൽകിയിട്ടുണ്ട്.
നികുതി രേഖപ്പെടുത്താത്ത രസീതുകൾ നൽകൽ, പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ ഇല്ലാതിരിക്കൽ എന്നിവയ്ക്ക് പതിനായിരം റിയാൽ വരെയാണ് പിഴ ഈടാക്കിയത്. മൂല്യവർധിത നികുതി ഈടാക്കാതെ വിൽപ്പന, ഇൻവോയ്സുകളിൽ ടാക്സ് വിവരം ഇല്ലാതിരിക്കൽ, പുകയില ഉൽപ്പനങ്ങളിൽ ടാക്സ് വിവരം ഇല്ലാതിരിക്കൽ എന്നിവയ്ക്ക് പതിനായിരം മുതൽ പത്ത് ലക്ഷം റിയാൽ വരെ പിഴയീടാക്കും.
കുറ്റത്തിന്റെ സ്വഭാവമനുസരിച്ചാണ് പിഴ നൽകുന്നത്. നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് ഉപഹാരവും അതോറിറ്റി നൽകുന്നുണ്ട്. ഈടാക്കുന്ന പിഴയുടെ രണ്ടര ശതമാനമാണ് അവർക്ക് നൽകുക. ഡിംസംബർ മുതൽ ബില്ലുകളിൽ ക്യൂ ആർ കോഡും നിർബന്ധമാണ്. ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് 900 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത് .