ഹജ്ജിനെത്തിയ ആദ്യ മലയാളി സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും

ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാർ മദീനയിലേക്ക്

Update: 2024-06-20 17:41 GMT
Advertising

മക്ക: ഹജ്ജിനെത്തിയ ആദ്യ മലയാളി സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും. സ്വകാര്യ ഗ്രൂപ്പിലെത്തിയവരാണ് മടങ്ങുന്നത്. ഇന്ന് രാത്രിയോടെയാണ് ആദ്യസംഘം ഹാജിമാർ മക്കയോട് വിട പറയുന്നത്. കഅബക്കരികിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തിയാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. മെയ് 15ന് എത്തി 37 ദിവസം മക്കയിലും മദീനയിലുമായി താമസിച്ച ശേഷമാണ് ഹാജിമാർ മടങ്ങുന്നത്.

ഹജ്ജിനായി പ്രൈവറ്റ് ഗ്രൂപ്പിലുള്ള ഹാജിമാരാണ് ആദ്യം മക്കയിലെത്തിയത്. ഇവരുടെ മദീന സന്ദർശനം ഭൂരിഭാഗവും ഹജ്ജിനു മുന്നേ പൂർത്തീകരിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയവർ മദീന സന്ദർശനത്തിനായി പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പതിനെട്ടായിരത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്.

അതേസമയം, ഹജ്ജിനെത്തിയ 18 ഹാജിമാർ ഇതുവരെയായി വിവിധ കാരണങ്ങളാൽ മക്കയിലും മദീനയിലുമായി മരണപ്പെട്ടിട്ടുണ്ട് ഇവരുടെ ഖബറടക്കം നടന്നുവരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ കീഴിലെത്തിയ ഹാജിമാരുടെ മദീന സന്ദർശനം ഞായറാഴ്ച ആരംഭിക്കും. എട്ടു ദിവസം മദീനയിൽ ഇവർ തങ്ങും. ശേഷം മദീന വഴിയാകും നാട്ടിലേക്ക് മടങ്ങുക.

സേവനങ്ങൾക്ക് ശേഷം കെഎംസിസി വളണ്ടിയർമാർ മടങ്ങി

മക്ക: അറഫയിലെയും മുസ്ദലിഫയിലെയും സേവന പ്രവർത്തനങ്ങൾക്കും നാല് ദിവസത്തെ മിനയിലെ സേവനങ്ങൾക്കും ശേഷം കെഎംസിസി വളണ്ടിയർമാർ മടങ്ങി. അവസാനത്തെ ഹാജിയെയും യാത്രയാക്കി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കെഎംസിസി വളണ്ടിയർമാരും നേതാക്കന്മാരും മിനായിൽ നിന്ന് മടങ്ങിയത്. ഇനി അസീസിസയിലും മദീനയിലും സേവനം തുടരും.

രജിസ്റ്റർ ചെയ്ത എല്ലാ വളണ്ടിയർമാർക്കും മക്കയിലേക്ക് കടക്കാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്തവണത്തെ ഹജ്ജ് കാലം. എങ്കിലും കെഎംസിസിയുടെ ജിദ്ദയിലെയും മക്കയിലെയും ആയിരത്തോളം പേർ ഈ വർഷവും പരിമിതിക്കകത്ത് കർമ്മ നിരതരായി.

ഇന്ത്യൻ ഹാജിമാർക്ക് വിശിഷ്യാ മലയാളികൾക്ക് അവരുടെ ഇഷ്ട ഭക്ഷണമായ കഞ്ഞി നൽകിക്കൊണ്ടാണ് ഈ വർഷത്തെ സേവനം ആരംഭിച്ചത്. സൗദി ഭക്ഷണം കഴിക്കാനാകാത്തവർക്ക് ഇത് ആശ്വാസമായിരുന്നു. മിനായിലും ഇത് തുടർന്നു. നടക്കാൻ കഴിയാത്ത ഹാജിമാർക്ക് വീൽചെയർ ലഭ്യമാക്കിയിരുന്നു. ഇവരെ ജംറകളിൽ കർമങ്ങൾക്കായി കെഎംസിസി സജീവമായിരുന്നു. ഹാജിമാർ മിനായിൽ നിന്ന് മടങ്ങിയതോടെയാണ് സംഘടന മിനാ ഓപറേഷൻ അവസാനിപ്പിച്ചത്.

അടിയന്തിര മെഡിക്കൽ സഹായം വേണ്ടവരെ ആശുപത്രിയിൽ എത്തിച്ചു. വഴിതെറ്റിയവരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. ഇങ്ങിനെ നീണ്ടുപോകുന്നു സേവന പ്രവർത്തനങ്ങൾ. മഹറം ഇല്ലാതെയെത്തിയ വനിതാ തീർത്ഥാടകർക്ക് താങ്ങും തണലുമായി ജിദ്ദ കെഎംസിസി വനിതാ വിങ് വളണ്ടിയർമാർ സ്തുത്യർഹമായ സേവനമർപ്പിച്ചു. മുൻ വർഷങ്ങളെ പോലെ തന്നെ വളരെ കൃത്യതയോടെയായിരുന്നു സേവനം. ഇനി അസീസിസയിൽ നിന്ന് ഹാജിമാർ മടങ്ങും വരെ അവിടെയാകും സേവനം. മദീന സന്ദർശന ശേഷം അവിടെ നിന്നാണ് ഹാജിമാരുടെ മടക്കം. ഇതിനാൽ മദീനയിലും സേവനത്തിന് കെഎംസിസി ഉണ്ടാകും.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News