സൗദിയിലെ അസീറിൽ കാർ ഒഴുക്കിൽപെട്ട് സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയുമടക്കം അഞ്ചു പേർ മരിച്ചു
സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു
ജിദ്ദ: സൗദിയിലെ അസീറിൽ കാർ ഒഴുക്കിൽപെട്ട് സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയും അടക്കം അഞ്ചു പേർ മരിച്ചു. ജിസാനിൽ രണ്ടു പേരും കനത്ത മഴയിൽ മരണപ്പെട്ടിട്ടുണ്ട്. സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മഴ കനക്കുന്നതിനാൽ സിവിൽ ഡിഫൻസും, കാലാവസ്ഥ കേന്ദ്രവും ജാഗ്രത നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്
കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച കനത്ത മഴയിലാണ് അഞ്ച് മരണം. മഹായിലിലെ സൗദി സ്‌കൂളിലെ പ്രിൻസിപ്പലും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ജീസാനിൽ മരണപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങലും ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സൗദിയിലെ മലയോരമേഖലയിൽ മഴതുടരുകയാണ് മക്കയിലും മദീനയിലും മഴ ലഭിച്ചിരുന്നു.
വരും ദിനങ്ങളിലും മക്ക, ത്വാഇഫ്, മൈസാൻ മേഖലയിൽ ശക്തമായ മഴ, വെള്ളപ്പൊക്കം, ആലിപ്പഴം വര്ഷം, ശക്തമായ കാറ്റ് എന്നിവക്ക് സാധ്യതയുണ്ട്. സിവിൽ ഡിഫൻസിന്റേതാണ് മുന്നറിയിപ്പ്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലും മഴയെത്തും. മദീന, അൽ-ബാഹ, അസീർ, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിലും നേരിയതോ അതിശക്തമായതോ ആയ മഴയും ആലിപ്പഴവര്ഷവും പ്രതീക്ഷിക്കാം. ഹായിൽ,അൽ ഖസിം തുടങ്ങി കിഴക്കൻ പ്രവിശ്യകളിലും മഴ മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് സിവിൽ ഡിഫൻസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.