ഡിജിറ്റൽ പ്ലാറ്റുഫോമുകൾ വഴി വൻ നേട്ടമുണ്ടാക്കി സൗദിയിലെ ഫുട്‌ബോൾ ക്ലബ്ബുകൾ
40ലധികം ദശലക്ഷം ഡോളറുമായി അൽനസ്‌റാണ് വരുമാന നേട്ടത്തിൽ ഏറ്റവും മുന്നിൽ
ദമ്മാം: ഡിജിറ്റൽ പ്ലാറ്റുഫോമുകൾ വഴി വൻ നേട്ടമുണ്ടാക്കി സൗദിയിലെ ഫുട്‌ബോൾ ക്ലബ്ബുകൾ. ഒരു മാസത്തിനിടെ 62 ദശലക്ഷം ഡോളറിന്റെ വരുമാനം ക്ലബ്ബുകൾക്കുണ്ടായതായി റിപ്പോർട്ട്. 40ലധികം ദശലക്ഷം ഡോളറുമായി അൽനസ്‌റാണ് വരുമാന നേട്ടത്തിൽ ഏറ്റവും മുന്നിൽ.
സൗദി ഫുട്‌ബോൾ ക്ലബ്ബുകളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ കണ്ടൻറുകൾക്കാണ് ജനസമ്മതി വർധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ക്ലബ്ബുകൾ ഇത് വഴി 62 ദശലക്ഷം ഡോളറിന്റെ വരുമാന നേട്ടമാണുണ്ടാക്കിയത്. മുൻനിര ക്ലബ്ബായ അൽ നസ്‌റാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതിൽ ഏറ്റവും മുന്നിൽ. 41.5 ദശലക്ഷം ഡോളർ ആകെ വരുമാനത്തിന്റെ 66 ശതമാനം വരുമിത്. ജനുവരി എട്ട് മുതൽ ഫെബ്രുവരി എട്ട് വരെയുള്ള കാലയളവിൽ ക്ലബ്ബിന്റെ മൊത്തം പോസ്റ്റുകളിലുള്ള ആശയവിനമയം 74 ദശലക്ഷം പിന്നിട്ടു. ഇത് ആഗോള തലത്തിൽ എട്ടാം സ്ഥാനത്തേക്കും പശ്ചിമേഷ്യയിൽ ഒന്നാം സ്ഥാനത്തേക്കും ക്ലബ്ബിൻറെ സ്ഥാനം ഉയരുന്നതിന് ഇടയാക്കി.
15 ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലുമായി അറബ് ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ക്ലബ്ബാണ് അൽനസ്ർ. 62 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് നിലവിലുള്ളത്.