ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് സൗദി
മാംസ വിഭവങ്ങളും അവയുടെ ഉല്‍പന്നങ്ങളുമടക്കമുള്ള മുഴുവന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.
ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിന്‍ , കൊളാജന്‍, വിവിധ തരം ചീസുകള്‍ നിര്‍മിക്കുന്ന അനിമല്‍ റെനെറ്റ്, അനിമല്‍ ഓയില്‍, കൊഴുപ്പ്, തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആശ്യമാണ്.
ഹലാല്‍ ലോഗോയോ അടയാളമോ മാത്രമുണ്ടായാല്‍ മതിയാകില്ല. മറിച്ച് കൃത്യമായ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് രേഖ തന്നെ ഇതിന് ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത ജൂലൈ ഒന്നാം തീയതി മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നിര്‍ദേശം.