സൗദി അരാംകോയുടെ നാല് ശതമാനം ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറും
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനം നടത്തി
ദമ്മാം: സൗദി അരാംകോയുടെ നാല് ശതമാനം ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ടിന് കൈമാറി. സൗദി കിരീടവകാശി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി.
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനം നടത്തി. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ നാല് ശതമാനം ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക മാറ്റും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സനാബെല്‍ ഇന്‍വെസ്റ്റിനാണ് കൈമാറുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ പൊതു വിഭവങ്ങള്‍ വൈവിധ്യവല്‍ക്കരണത്തിനും കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക. തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് തീരുമാനം. ഇതോടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ നിക്ഷേപ വരുമാനം വലിയ തോതില്‍ വര്‍ധിക്കും. ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനും ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുന്നതിനും സഹായിക്കും.