മൂന്ന് സെമസ്റ്ററിൽ നിന്ന് രണ്ട് സെമസ്റ്ററിലേക്ക്; സർവകലാശാലകളുടെ പഠന രീതിയിൽ മാറ്റം വരുത്തി സൗദി
പുതിയ അധ്യയന വർഷം മുതൽ ഇരുപതോളം സർവകലാശാലകൾ സെമസ്റ്ററുകളുടെ എണ്ണം കുറക്കും
ദമ്മാം: സൗദിയിലെ സർവകലാശാലകൾ പഠന രീതിയിൽ വീണ്ടും മാറ്റം വരുത്തുന്നു. പുതിയ അധ്യയന വർഷം മുതൽ ഇരുപതോളം സർവകലാശാലകൾ സെമസ്റ്ററുകളുടെ എണ്ണം കുറക്കും. നിലവിലെ മൂന്ന് സെമസ്റ്റർ രീതി മാറ്റി രണ്ട് സെമസ്റ്റർ സമ്പ്രദായത്തിലേക്കാണ് സർവകലാശാലകൾ വീണ്ടും തിരിച്ചെത്തുക.
രാജ്യത്തുടനീളമുള്ള ഒട്ടുമിക്ക സർവകലാശാലകളും പഠന രീതിയിൽ വീണ്ടും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിക്കുന്ന ഇരുപത് സർവകലാശാലകൾ സെമസ്റ്ററുകളുടെ എണ്ണം വീണ്ടും കുറച്ചു. നിലവിലെ മൂന്നിൽ നിന്നും രണ്ടായാണ് സെമസ്റ്ററുകളിൽ മാറ്റം വരുത്തിയത്.
ജിദ്ദ കിംഗ് അബ്ദുൽ അസീസ്, റിയാദ് കിംഗ് സൗദ്, ദമ്മാം ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ, അൽഅഹ്സ കിംഗ് ഫൈസൽ, അബഹ കിംഗ് ഖാലിദ്, അൽഖസീം സർവകലാശാല, റിയാദ് നൗറ ബിൻത് അബ്ദുറഹ്മാൻ, ശഖ്റ സർവകലാശാല, മദീന ഇസ്ലാമിക് സർവകലാശാല, സൗദി ഇലക്ട്രോണിക് സർവകലാശാല, ബീഷ, താഇഫ്, ഹാഇൽ എന്നിവയാണ് സെമസ്റ്ററുകളിൽ മാറ്റം വരുത്തുന്ന സർവകലാശാലകൾ. എന്നാൽ ബാക്കിയുള്ള ഒൻപത് സർവകലാശാലകളിൽ നിലവിലെ മൂന്ന് സെമസ്റ്റർ രീതി തന്നെ തുടരുമെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചു.