ആഗോള വിപണിയിൽ എണ്ണ വില വീണ്ടുമുയരാൻ സാധ്യത; ബാരലിന് നൂറ് ഡോളർ മറികടക്കും

വില കുറയണമെങ്കിൽ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം ഉയർത്തുകയല്ലാതെ രക്ഷയില്ലെന്ന സൂചനയാണ് ആഗോള ഊർജ സമിതി നൽകുന്നത്.

Update: 2022-02-11 17:45 GMT
Editor : Nidhin | By : Web Desk
Advertising

ആഗോള വിപണിയിൽ എണ്ണ പ്രതിസന്ധി രൂപപ്പെട്ടാൽ അതു മറികടക്കാൻ സൗദി അറേബ്യയും യു.എ.ഇയും തുണക്കുമെന്ന പ്രതീക്ഷയിൽ അന്താരാഷ്ട്ര ഊർജ സമിതി. എണ്ണവില ഇനിയും ഉയരുകയും ആവശ്യകതയും ലഭ്യതയും തമ്മിലെ അന്തരം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ് പ്രതീക്ഷയെന്നും സമിതി വ്യക്തമാക്കി. റഷ്യ ഉക്രെയിനിൽ അധിനിവേശം നടത്തിയാൽ ഊർജ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുമെന്നാണ് സൂചന.

നിലവിലെ സാഹചര്യത്തിൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഏജൻസി ചൂണ്ടിക്കാട്ടി. എണ്ണവില ബാരലിന് നൂറ് ഡോളർ മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. വില അസാധാരണ സ്വഭാവത്തിൽ ഉയരുന്നത് ലോകത്തുടനീളം പണപ്പെരുപ്പത്തിന് കാരണമായേക്കും. വില കുറയണമെങ്കിൽ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം ഉയർത്തുകയല്ലാതെ രക്ഷയില്ലെന്ന സൂചനയാണ് ആഗോള ഊർജ സമിതി നൽകുന്നത്. വിയന്നയിൽ ഇറാനും വൻ ശക്തി രാജ്യങ്ങളുമായി തുടരുന്ന ആണവ ചർച്ച വിജയിച്ചാൽ പ്രതിസന്ധിക്ക് അയവുണ്ടാകും. ആണവ കരാർ പുനരുജ്ജീവിപ്പിച്ചാൽ നിത്യവും ദശലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് അധികമായി എത്തിക്കാൻ ഇറാന് സാധിക്കും. ഉക്രെയിൻ പ്രശ്‌നം, പശ്ചിമേഷ്യൻ സംഘർഷം എന്നിങ്ങളെ പല ഘടകങ്ങളും എണ്ണവിപണിക്ക് ഭീഷണി ഉയർത്തുന്നതായി ഊർജ സമിതിമേധാവി ടോറിൽ ബൊസോനി പറഞ്ഞു.

ബദൽ ഇന്ധന മേഖലയിൽ വലിയ മുന്നേറ്റം രൂപപ്പെടുത്താൻ അമേരിക്കക്ക് സാധിക്കാതെ പോയതും എണ്ണവില ഉയരാൻ കാരണമാണ്. ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾ എണ്ണ ഉത്പാദനം ഉയർത്താൻ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News