സൗദിയിൽ വൈദ്യുതി ഉപയോഗത്തിന് ഗ്യാസ്; അവശേഷിക്കുന്ന എണ്ണ വിദേശത്തേക്ക് അയക്കും
വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനം എണ്ണയിൽനിന്ന് ഗ്യാസിലേക്ക് മാറ്റുന്നതിലൂടെ പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ തോതിൽ അധികം കയറ്റുമതി ചെയ്യാൻ സാധിക്കും
സൗദിയിൽ വൈദ്യുതി ഉൽപാദനത്തിന് ഗ്യാസ് ഉപയോഗിക്കാനുള്ള നടപടികൾ തുടങ്ങുന്നു. ഇതോടെ ബാക്കിയാകുക പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണയാണ്. ഇത് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകുമെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനം എണ്ണയിൽനിന്ന് ഗ്യാസിലേക്ക് മാറ്റുന്നതിലൂടെ പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ തോതിൽ അധികം കയറ്റുമതി ചെയ്യാൻ സാധിക്കും. ബഹ്റൈനിൽ 29 ാമത് മിഡിൽ ഈസ്റ്റ് ഓയിൽ ആന്റ് ഗ്യാസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 അവസാനത്തോടെയോ 2027 ആദ്യത്തിലോ പ്രതിദിന എണ്ണയുൽപാദന ശേഷി 13.3 ദശലക്ഷം ബാരൽ മുതൽ 13.4 ദശലക്ഷം ബാരൽ വരെയായി ഉയർത്തും. എല്ലാ തലങ്ങളിലും ഊർജ ഉൽപാദന ശേഷി തീർന്നുകൊണ്ടിരിക്കുന്നത് ആഗോള പ്രശ്നമാണെന്നും ഊർജ മന്ത്രി പറഞ്ഞു. ഇക്കാര്യം ആഗോള സമൂഹം ഗൗരവത്തിലെടുക്കണം. വിദേശങ്ങളിൽ എണ്ണ പര്യവേക്ഷണ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ സൗദി അറാംകോ ആഗ്രഹിക്കുന്നില്ല. വിദേശങ്ങളിൽ എണ്ണ സംസ്‌കരണ, വിതരണ മേഖലകളിൽ നിരവധി പദ്ധതികൾ അറാംകോ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.