'റെയ്നി നൈറ്റ്'; ദമ്മാമിലെ പ്രവാസികൾക്ക് സംഗീത മഴയൊരുക്കി ഗൾഫ് മാധ്യമം
ഫെബ്രുവരി 9ന് ദമ്മാം അൽഖോബാറിലെ സിഗ്‌നേച്ചർ ഹോട്ടലിലാണ് പരിപാടി.
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലേ പ്രവാസി സമൂഹത്തിന് സംഗീത മഴയൊരുക്കി ഗൾഫ് മാധ്യമം സൗദി അറേബ്യ റെയ്‌നി നൈറ്റ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ ചലചിത്ര ഗായകർ, താരങ്ങൾ, സംഗീതസംവിധാകർ എന്നിവർ പങ്കെടുക്കും. മഴയെ തീം ആക്കി മലയാളത്തിലും ഇതര ഭാഷകളിലുമുള്ള ഗാനങ്ങളെ കോർത്തിണക്കിയാണ് പരിപാടി.
ഫെബ്രുവരി 9ന് ദമ്മാം അൽഖോബാറിലെ സിഗ്‌നേച്ചർ ഹോട്ടലിലാണ് പരിപാടി. ചലച്ചിത്ര താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, യുവഗായകരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവർ പങ്കെടുക്കും. മിഥുൻ രമേഷ് ആങ്കറായും വേദിയിലെത്തും.
പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റിന്റെ ആദ്യ കോപ്പികൾ റിദ ഹസാർഡ് കൺട്രോൾ ബിസിനസ് യൂണിറ്റ് ഡയറക്ടർ അബ്ദുറഹ്മാൻ മാഹീൻ, മേഴ്സി കോർപ്പ് ഹ്യുമൻ വെൽഫയർ ഫൗണ്ടേഷൻ പ്രസിഡന്റ് അനീസ് തമ്പി, ജി.സി.സി പ്രസിഡന്റ് ഷിജു മുരളി എന്നിവർ മാധ്യമം സി.ഇ.ഒ പി.എം സാലിഹിൽ നിന്നും ഏറ്റുവാങ്ങി. മാധ്യമം മീഡിയവൺ എക്സിക്യൂട്ടീവ് സൗദി ചെയർമാൻ കെ.എം ബഷീർ, തനിമ പ്രൊവിൻസ് പ്രസിഡന്റ് അൻവർ ഷാഫി എന്നിവർ സംബന്ധിച്ചു. ടിക്കറ്റുകൾക്ക് 0559280320 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.