ഹജ്ജ്: അറഫയിൽ ഒരുക്കം പൂർത്തിയാക്കി
തീർത്ഥാടകർ നാളെ അറഫയിലേക്ക് നീങ്ങും
മക്ക:ഹജ്ജിന് മുന്നോടിയായി സുപ്രധാന കർമങ്ങൾ നടക്കുന്ന അറഫയിൽ ഒരുക്കം പൂർത്തിയാക്കി. പ്രവാചകൻ നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് അറഫാ പ്രഭാഷണം നടക്കുക നമിറ മസ്ജിദിലാണ്. ഹാജിമാരെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്.
ജബലു റഹ്‌മ അഥവാ കാരുണ്യത്തിന്റെ പർവതത്തിന്റെ താഴ്‌വരയിൽ വെച്ചാണ് പ്രവാചകൻ വിടവാങ്ങൽ പ്രസംഗം നടത്തിയത്. അതായത് ഇസ്‌ലാമിനെ നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നിരിക്കുവെന്ന സുപ്രധാന പ്രഭാഷണം നടത്തിയത്. പ്രവാചകരുടെ അവസാന പ്രഭാഷണമായിരുന്നു അത്. അതിന്റെ ഓർമ പുതുക്കിയാണ് അറഫാ പ്രഭാഷണം. അതിൽ ചരിത്ര പ്രാധാന്യമുള്ള ഇടമാണ് അറഫയിലെ നമിറ മസ്ജിദ്. നാലു ലക്ഷം പേരെ ഉൾക്കൊള്ളുന്ന പള്ളി. അറഫയിലെ ജബലു റഹ്‌മ താഴ്‌വരയിലാണ് ഈ പള്ളിയുള്ളത്.
ഇത്തവണ സൗദിയിലെ പണ്ഡിതനായ മാഹിർ അൽ മുഐഖിളിയാണ് അറഫാ പ്രഭാഷണം നിർവഹിക്കുക. മലയാളമടക്കം വിവിധ ഭാഷകളിൽ ഇതിന്റെ തത്സമയ വിവർത്തനമുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് മുന്നോടിയായി അറഫയിൽ ഹാജിമാർ സംഗമിക്കും. ഉച്ചക്ക് മുന്നേ അറഫയിലെത്താത്ത തീർത്ഥാടകന് ഹജ്ജ് ലഭിക്കില്ല. ഇതിനാൽ അത്യാസന്ന നിലയിലുളളവരെ വരെ മെഡിക്കൽ സംവിധാനങ്ങളോടെ അറഫയിലെ ആശുപത്രിയിലേക്ക് മാറ്റും.