സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ അവസാനിച്ചു
ബൂധനാഴ്ച നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക
സൗദിയിൽ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചു. ബൂധനാഴ്ച നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. സൗദിക്കകത്തുള്ളവർക്ക് ഇപ്പോഴും ഉംറ ചെയ്യാൻ അനുമതിയുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂണ്‍ 3 മുതലാണ് ആരംഭിച്ചത്. ഇന്നലത്തോടെ രജിറ്റർ ചെയ്യുവാനുള്ള സമയപരിധി അവസാനിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ നാല് ലക്ഷത്തിലധികം പേർ രജിസ്ട്രേഷന്‍ നടപടികൾ പൂർത്തിയാക്കി. ഇവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.
രജിസ്ട്രേഷന്‍ സമയത്ത് കൃത്യമായി മാനണ്ഡങ്ങൾ പാലിച്ചവരെ മാത്രമേ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുകയുള്ളൂ. ബുധനാഴ്ചയാണ് നറുക്കെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്.എം.എസ് വഴി അറയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുത്ത പാക്കേജ് പ്രകാരമുള്ള പണമടക്കേണ്ടതാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് ക്രമീകരണങ്ങളുടെ ഭാഗമായി മക്കയിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നുണ്ടെങ്കിലും സൗദിക്കകത്തുള്ളവർക്ക് ഉംറ തീർഥാടനത്തിന് വിലക്കില്ലെന്നും, ഉംറ പെർമിറ്റുകളെടുത്ത് ഉംറക്ക് വരാൻ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.