ഹജ്ജ്: ചില സ്ഥലങ്ങളിൽ 72 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ സാധ്യത
പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടകളും നിർബന്ധമായും ഉപയോഗിക്കണം
മക്ക: ഹജ്ജ് വേളയിൽ ചില സ്ഥലങ്ങളിൽ 72 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീർഥാടകർ രാവിലെ 11 മുതൽ ഉച്ചക്കഴിഞ്ഞ് 3 മണിവരെ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടകളും നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇത്തവണ ഹജ്ജ് വേളയിൽ പ്രതീക്ഷിക്കുന്ന കൂടിയ താപനില. എന്നാൽ മശാഇറിലെ ചില പർവ്വത പ്രദേശങ്ങളിൽ 72 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടേക്കാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ഹാജിമാർ തമ്പുകളിൽ കഴിയണമെന്നും ഈ സമയത്ത് സൂര്യപ്രകാശമേൽക്കുകയോ അത്തരം പ്രതലങ്ങളിൽ നടക്കുകയോ സ്പർശിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. കൂടാതെ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കണം.
ദാഹം തോന്നിയില്ലെങ്കിൽ പോലും ദിവസം മുഴുവനും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങൾ പോലുള്ളവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുണമെന്നും നിർദ്ദേശമുണ്ട്. ഹജ്ജിന്റെ തിരക്കിനിടയിൽ പാദരക്ഷകൾ നഷ്ടപ്പെടാനും കേടാകാനും സാധ്യത ഏറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി തീർഥാടകർ എപ്പോഴും ഒരു ചെരിപ്പ് കൂടുതലായി ബാഗിലോ മറ്റോ സൂക്ഷിക്കണം. പാദരക്ഷകളില്ലാതെ പുറത്തിറങ്ങിയാൽ കാലുകൾക്ക് അപകടകരമാം വിധം പൊള്ളലേൽക്കാൻ സാധ്യതയുണ്ട്. ഇത് തുടർന്നുള്ള കർമ്മങ്ങളുടെ പൂർത്തീകരണത്തിന് പ്രയാസമാകുന്ന് സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു.