ഹലാ ജിദ്ദയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായിരിക്കും ഹലാ ജിദ്ദ

Update: 2024-10-15 17:02 GMT
Advertising

തിരുവനന്തപുരം/റിയാദ്: സൗദി അറേബ്യയുടെ ചരിത്രവും സംസ്‌കാരവും ഇഴചേർത്ത് മീഡിയവൺ ഒരുക്കുന്ന ഇന്ത്യൻ കാർണിവലായ ഹലാ ജിദ്ദയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മന്ത്രി പി. രാജീവും ജിദ്ദയിൽ സൗദി മാധ്യമ മന്ത്രാലയം ഡയറക്ടർ ഹുസൈൻ എസ് അൽ ഷമ്മരിയുമാണ് പ്രകാശനം നിർവഹിച്ചത്. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായിരിക്കും ഹലാ ജിദ്ദ. 2024 ഡിസംബർ ആറ്, ഏഴ് തീയതികളിൽ ജിദ്ദയിലെ ദി ട്രാക്കിലാണ് കാർണിവൽ.

സൗദി പ്രവാസി സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന അപൂർവ സംഗമമായിരിക്കും ഹലാ ജിദ്ദ. സൗദി ഇതുവരെ കാണാത്ത മാതൃകയിലാണ് മീഡിയവൺ ഇന്ത്യക്കാർക്കും സൗദികൾക്കുമായി ഹലാ ജിദ്ദ ഒരുക്കുന്നത്. രണ്ടുദിവസമായിരിക്കും കാർണിവലും എക്‌സ്‌പോയും വിനോദ വിജ്ഞാന മേളയും ഉൾപ്പെടുന്ന ഹലാ ജിദ്ദ. ഡിസംബർ ആറ് ഏഴ് തിയ്യതികളിലായി ജിദ്ദയിലെ ദി ട്രാക്കാണ് വേദി.

വിദ്യാഭ്യാസ- ബിസിനസ് പ്രദർശനങ്ങൾ, കലാ- ഭക്ഷ്യ മേളകൾ, വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോ തുടങ്ങിയവയുണ്ടാകും. പ്രശസ്തർ പങ്കെടുക്കുന്ന ലൈവ് സംഗീത വിരുന്ന് ഹാലാ ജിദ്ദയുടെ മുഖ്യ ആകർഷണമാകും. രണ്ട് ദിവസവും ജനപ്രിയ സംഗീത ബാൻഡുകൾ പരിപാടിയുടെ ഭാഗമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാകും പ്രവേശനം. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ശില്പശാലകൾ എന്നിവയുണ്ടാകും. ഫുഡ് കോർണറുകൾക്ക് പുറമേ വിദഗ്ധർ പങ്കെടുക്കുന്ന പാചക വർക്ക്‌ഷോപ്പുകൾ ഹാലാ ജിദ്ദയുടെ സവിശേഷതയായിരിക്കും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെ മേളയിൽ ആദരിക്കുന്നുണ്ട്. സൗദിയിലെ മന്ത്രാലയത്തിലെ പ്രമുഖരും ഇതിൽ സംബന്ധിക്കും. സ്വയം ശാക്തീകരണത്തിലൂടെ സമൂഹത്തിന് പ്രചോദനമായ വനിതകൾ പങ്കെടുക്കുന്ന സെഷനുകളും മേള വ്യത്യസ്തമാക്കും. തിരുവനന്തപുരത്ത് നടന്ന ഹാലാ ജിദ്ദ ലോഗോ പ്രകാശനത്തിൽ മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജർ പി.ബി.എം ഫർമീസ്, മീഡിയ സൊലൂഷൻ ഡി.ജി.എം ഹസ്‌നൈൻ അഹമദ് ഫാറൂഖ്, അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി മാനേജർ സമീർ നീർക്കുന്നം എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News