യോഗ്യതയില്ലാതെ എഞ്ചിനിയറിങ് ജോലി ചെയ്ത വിദേശിക്ക് കടുത്ത പിഴ
180000 റിയാല്‍ പിഴയൊടുക്കാന്‍ ക്രമിനല്‍ കോടതി ഉത്തരവിട്ടു
മതിയായ യോഗ്യതയില്ലാതെ എഞ്ചിനിയറിങ് ജോലി ചെയ്തതിന് സൗദിയില്‍ പിടിയിലായ വിദേശിക്ക് കടുത്ത പിഴ ചുമത്തി. എഞ്ചിനിയറിങ് പ്രഫഷന്‍ പ്രാക്ടീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ പതിനൊന്നിലെ വ്യവസ്ഥകളുടെ ലംഘനത്തിനാണ് കടുത്ത പിഴ ചുമത്തിയത്.
ജോലിയില്‍ ഏര്‍പ്പെട്ടതിന് ഈജിപ്ഷ്യന്‍ പൗരനും ജോലിക്ക് നിയമിച്ചതിന് സ്വദേശി പൗരനുമാണ് കോടതി ശിക്ഷ വിധച്ചത്. 180000 റിയാല്‍ ഏകദേശം 40 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ജസാനിലെ അല്‍ ഈദാബി ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
സൗദി എഞ്ചിനിയറിങ് കൗണ്‍സില്‍ പിടികൂടിയ ആളെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയിലേര്‍പ്പെടുന്നതും മതിയായ യോഗ്യതയില്ലാതെ വിവിധ പ്രഫഷനുകളില്‍ ജോലിയിലേര്‍പ്പെടുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.