സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്
ഇടിമിന്നലിനും കാറ്റിനും സാധ്യത
റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. മക്കയടക്കം വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. മഴ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുമുണ്ട്.
മദീനയിലും സൗദിയിലെ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. റിയാദിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. മദീന, അൽ ബഹ, അസീർ, ജീസാൻ, നജ്‌റാൻ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഖസിം, ഹായിൽ കിഴക്കൻ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും.
പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും പാലിക്കാനും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. കനത്ത മഴയുള്ള പ്രദേശങ്ങളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം മുന്നറിയിപ്പ് വകവെക്കാതെ വെള്ളച്ചാട്ടത്തിലിറങ്ങിയ രണ്ട് പേർ മക്കയിൽ മരിച്ചിരുന്നു.