സൗദി അറേബ്യ പിറന്ന വഴികളിലൂടെ; സ്ഥാപക ദിനത്തിന് പിറകിലെ ചരിത്രം ഇതാ
സൗദി അറേബ്യ എന്ന രാജ്യത്തിന്റെ തുടക്കത്തിന് മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ട്
റിയാദ്: സൗദി അറേബ്യ എന്ന രാജ്യത്തിന്റെ തുടക്കത്തിന് മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ട്. രാജ്യത്തിന്റെ തുടക്കത്തിന് കാരണമായ ആ ദിവസത്തിന്റെ ആഘോഷമാണ് ഓരോ വർഷവും ഫെബ്രുവരി 22ന് ആഘോഷിക്കുന്നത്. സൗദിയുടെ ചരിത്രത്തിന്റെ ചുരുക്കം ഇന്ന് പരിചയപ്പെടാം.
പ്രവാചകനും സംഘവും മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത് ആറ് വർഷം പിന്നിട്ട സമയം. ഇന്നത്തെ വിവിധ അറബ് മേഖലകൾ അക്കാലത്ത് ഭരിച്ചിരുന്നത് നാട്ടു രാജാക്കന്മാരാണ്. അവരെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രവാചകൻ കത്തെഴുതി. ഇന്നത്തെ റിയാദ് ഉൾപ്പെടുന്ന നജ്ദ് അക്കാലത്ത് ഭരിച്ചിരുന്നത് ബനൂ ഹനീഫ വംശത്തിൽ പെടുന്ന ഭരണാധികാരി തുമാമ ഇബ്‌നു ഉതലാണ്. ആദ്യം ആവശ്യം നിരാകരിച്ച അദ്ദേഹവും ഗോത്രവും വൈകാതെ ഇസ്ലാം സ്വീകരിച്ചു. റിയാദിലെ വാദി ഹനീഫയോട് ചേർന്നായിരുന്നു ആ ജനതയുടെ ജീവിതം.
പിന്നീട് മേഖലയിലെ നാട്ടു രാജ്യങ്ങൾ തമ്മിലെ ഏറ്റമുട്ടലിൽ ഭരണങ്ങൾ മാറി മറിഞ്ഞു. ഒമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ റിയാദ് ഉൾപ്പെടുന്ന നജ്ദ് പ്രദേശം ഭരിച്ചിരുന്നത് ഉഖൈദിർ രാജവംശമാണ്. ബനൂ ഹനീഫ ഗോത്രത്തിന്റെ എതിരാളികൾ. ഇത് ഭരണ സാമ്പത്തിക മേഖലകളിലെ ഇരുണ്ട യുഗമായാണ് ഇവർ കണക്ക് കൂട്ടിയത്. ആ സമയത്തക് നജ്ദിലുണ്ടായിരുന്ന ഗോത്രങ്ങളിൽ ചിലത് ഉഖൈദിർ ഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഇന്നത്തെ കിഴക്കൻ പ്രവിശ്യയിലേക്ക് മാറി താമസിച്ചു. 15-ാം നൂറ്റാണ്ടോടെ ബനൂ ഹനീഫ ഗോത്രം വലിപ്പം കൊണ്ടും അധികാരം കൊണ്ടും സ്വാധീനമുള്ളവരായി. കൊല്ലം 1446ൽ ബനൂ ഹനീഫയിലെ അൽ-ദുറു ഗോത്രത്തിലെ മാറാദ വംശത്തിന്റെ തലവനായ അൽ-മുറൈദെ മടങ്ങിപ്പോയവരെ വാദി ഹനീഫയിലേക്ക് തിരികെയെത്തിച്ചു. അൽ ദുറു ഗോത്രക്കാരായ ആ ജനത താമസിച്ച മേഖലക്ക് ദിരിയ എന്ന് പേരിട്ടു. ഇതായിരുന്നു ആദ്യ സൗദി സ്റ്റേറ്റായ ദിരിയ്യയുടെ തുടക്കം.
അവിടെ ജന ജീവിതം വികസിച്ചു. ഇതിന് ശേഷം ഈ മേഖല വിവിധ രാജവംശങ്ങളും ഗോത്രങ്ങളും പിടിച്ചെടുക്കുകയും തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് ശേഷം 1720-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ദിരിയ എന്ന പ്രമുഖൻ മേഖലയുടെ ഭരണ നേതൃത്വം ഏറ്റെടുത്തു. പിന്നാലെ 1727ൽ അദ്ദേഹം ദിരിയയുടെ ഭരണാധികാരിയായി. രാഷ്ട്രത്തിന് അദ്ദേഹം നൽകിയ കുടുംബ പേരിൽ നിന്നാണ് സൗദി അറേബ്യ രൂപം കൊള്ളുന്നത്. സഊദ് എന്ന ശക്തമായ രാജകുടുംബത്തിന്റെ തുടക്കമായിരുന്നു അത്.
1977ൽ മതപണ്ഡിതനായ മുഹമ്മദ് ബിൻ അബ്ദുൾ വഹാബുമായുള്ള സഖ്യത്തിലൂടെ അന്നുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് അൽപം കൂടി വലിയ രാജ്യമായി പ്രഖ്യാപിച്ചു. പിന്നീട് വന്ന ലോക സൈനിക വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾക്കും ആ സംഘങ്ങളുടെ പതനത്തിനും ശേഷമാണ് ഇന്നത്തെ സൗദി അറേബ്യയുടെ ഉദയം. പിന്നീട് വിവിധ നാട്ടു രാജ്യങ്ങളും ഭരണ പ്രദേശങ്ങളും സൗദിയുടെ ഭരണ പരിധിയിൽ ചേർത്തു. ഖലീഫമാരുടെ ഭരണ കാല ശേഷം അറബ് മേഖലയിൽ രാഷ്ട്രം എന്ന സങ്കൽപത്തിന്റെ പൂർത്തീകരണമായിരുന്നു സൗദി അറേബ്യ.
1932 സെപ്റ്റംബർ 23-ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ കീഴിൽ മൂന്നാം ഘട്ട സൗദി സംസ്ഥാപനത്തിന്റെ ഏകീകരണത്തെ സൂചിപ്പിക്കുന്നതാണ് സൗദി ദേശീയ ദിനം. 1727 ഫെബ്രുവരി 22-ന് സൗദി ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കീഴിൽ ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണാർഥമാണ് സൗദി സ്ഥാപക ദിനം. രാജ്യത്തിന്റെ പൈതൃകവും വളർച്ചയും ചരിത്രവും ഈ ദിനങ്ങളിൽ വിവിധ പരിപാടികളിലൂടെ ആഘോഷിക്കപ്പെടും. ആ രാഷ്ട്രത്തോളം പഴക്കമുണ്ട് പ്രവാസികൾക്കും അതിനോടുള്ള ബന്ധം. പ്രവാസികൾക്ക് അതിന്റെ കൂടി ആഘോഷമാണ് സൗദി സ്ഥാപക ദിനം.