അബ്ഷർ ഓൺലൈൻ പ്ലാറ്റ്ഫോമിലെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ എങ്ങനെ പൂർത്തിയാക്കാം?
സൗദിയിൽ സർക്കാർ സേവനങ്ങൾ ആക്സസ് ചെയ്യാനുള്ള എളുപ്പമാർഗ്ഗങ്ങളിലൊന്നാണ് അബ്ഷർ എന്ന ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോം. സൗദിയിലെ മിക്ക സർക്കാർ സേവനങ്ങളും വളരെ എളുപ്പത്തിൽ ലഭിക്കാനാണ് അബ്ഷർ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നത്.
സൗദിയിലെ മുഴുവൻ വിസ നടപടിക്രമങ്ങൾ, സ്‌പോൺസർഷിപ്പ് മാറ്റം, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ, ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ നിരവധി സർക്കാർ സേവനങ്ങളാണ് ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
സൗദി പൗരന്മാർക്കും താമസക്കാർക്കും പുറമെ, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാരുടെ ആശ്രിതർക്കും, സാധുവായ ടൂറിസ്റ്റ് വിസ കൈവശമുള്ള സന്ദർശകർക്കും സേവനങ്ങൾ ലഭിക്കും.
ഒരു അബ്ഷർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനായി ആദ്യമായി absher.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ശേഷം 'ന്യൂ യൂസർ' എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്ത്, പുതിയ യൂസർ രജിസ്‌ട്രേഷൻ ഫോമിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ടൈപ്പ് ചെയ്യണം.
ഐഡി അല്ലെങ്കിൽ ഇഖാമ നമ്പർ, വിസിറ്റ് വിസയിലാണെങ്കിൽ ബോർഡർ നമ്പർ എന്നിവ നൽകണം. ഖാമയിൽ രജിസ്റ്റർ ചെയ്ത സാധുവായ സൗദി മൊബൈൽ നമ്പർ, ഇമെയിൽ, യൂസർ നെയിം, പാസ്സവേഡ് എന്നിവയും നൽകണം.
തുടർന്ന് ഭാഷ തിരഞ്ഞെടുത്ത് ഇമേജ് കോഡ് നൽകി, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചുകഴിഞ്ഞാൽ, 'നെക്സ്റ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ ഓൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയാകും.
അടുത്ത ഘട്ടമെന്ന നിലയിൽ, അടുത്തുള്ള 'സെൽഫ് സർവീസ് രജിസ്‌ട്രേഷൻ ആന്റ് ആക്ടിവേഷൻ മെഷീൻ സൗകര്യമുള്ള കിയോസ്‌കുകൾ സന്ദർശിച്ച് ഫിങ്കർപ്രിന്റ് നൽകി അബ്ഷർ അക്കൗണ്ട് ആക്ടിവേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
സൗദി ബാങ്ക് അക്കൗണ്ടുള്ള താമസക്കാരനാണെങ്കിൽ, ബാങ്കിന്റെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചും നിങ്ങളുടെ അബ്ഷർ അക്കൗണ്ട് ആക്ടിവേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.