സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്
സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിലും വലിയ വര്‍ധനവുണ്ടായി
കോവിഡിന് ശേഷം സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി വരുമാനം 37 ശതമാനം വര്‍ധിച്ചു. 12,530 കോടി റിയാല്‍ ഇതു വഴി രാജ്യത്തെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9170 കോടി റിയാലായിരുന്നു. സൗദി കയറ്റുമതി വികസന അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിലും വലിയ വര്‍ധനവുണ്ടായി. ഇന്ത്യയിലേക്കുള്ള സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി 52 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 710 കോടി റിയാലിന്റെ ഉല്‍പനങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇത് 470 കോടി റിയാലായിരുന്നു.
യു.എ.ഇ യാണ് സൗദിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യം. 1700 കോടിയുടെ ഉല്‍പന്നങ്ങള്‍ സൗദി, യു.എ.ഇയിലേക്ക് കയറ്റി അയച്ചു. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.