ജിദ്ദയിൽ ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യക്കാരും പാക്കിസ്ഥാനികളുമുൾപ്പെടെ 23 പേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരുൾപ്പെടെ 23 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവർ 43 പേരുടെ അക്കൌണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യക്കാരും പാക്കിസ്ഥാനികളുമുൾപ്പെടെ 23 പേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന എ.ടി.എം കാർഡുകൾ ബ്ലോക്ക് ചെയ്തതായി അറിയിച്ച് കൊണ്ട് ആദ്യം ഉപഭോക്താക്കൾക്ക് സന്ദേശമയക്കും. അതിന് പിറകെ ബ്ലോക്ക് ആയ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ കാർഡ് വിവരങ്ങളും പിൻ നമ്പറുകളും ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താവിനെ ഫോണിൽ വിളിക്കും. രഹസ്യവിവരങ്ങൾ ഉപഭോക്താവിൽ നിന്ന് മനസ്സിലാക്കിയ ശേഷം ഇരകളുടെ അക്കൌണ്ടുകളിൽ നിന്ന് പണം പിൻവലിച്ചു കൊണ്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ രീതിയിൽ 43 പേരുടെ ബാങ്ക് അക്കൌണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. തട്ടിപ്പിനിരയായവരുടെ സർക്കാർ ഓണ്‍ലൈന്‍ സേവന പ്ലാറ്റ് ഫോമുകളിൽ സംഘം പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജിദ്ദയിൽ വിജനമായ സ്ഥലത്ത് ചുറ്റുമതിലുകളോട് കൂടിയ കോമ്പൌണ്ടുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവരിൽ നിന്നും 46 മൊബൈൽ ഫോണുകളും 59 സിം കാർഡുകളും പിടിച്ചെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു.