ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദർശനത്തിന് നാളെ തുടക്കം
ഇതാദ്യമായാണ് മന്ത്രി ജയശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്
ജിദ്ദ: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി നാളെ സൗദിയിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതാദ്യമായാണ് മന്ത്രി ജയശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ചയാണ് ഇന്ത്യൻ വിദേശാകര്യ മന്ത്രി ഡോ. എസ്. ജയശങ്കർ സൌദിയിലെത്തുക. ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്‍സിലിൻ്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊളിറ്റിക്കല്‍, സെക്യുരിറ്റി, സോഷ്യല്‍, കള്‍ച്ചറല്‍ കോ ഓപറേഷന്‍ കമ്മിറ്റിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണത്തെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സെക്രട്ടറി തല ചര്‍ച്ച നേരത്തെ നടന്നിരുന്നു. യുഎൻ, ജി 20, ജിസിസി എന്നിവയിലെ പരസ്പര സഹകരണം ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അടക്കമുള്ള സൗദി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹവുമായും മന്ത്രി സംവദിക്കുമെന്ന് ഇന്ത്യൻ എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.