അനധികൃത ടാക്‌സികൾക്കായി പരിശോധന: സൗദിയിൽ ആയിരത്തിലധികം പേർ അറസ്റ്റിൽ
മൂന്നൂറിലധികം വാഹനങ്ങൾ പിടിച്ചെടുത്തു
ജിദ്ദ: സൗദി അറേബ്യയിൽ അനധികൃത ടാക്‌സികൾക്കെതിരെ പരിശോധന കൂടുതൽ ശക്തമാക്കി. വിവിധ വിമാനത്താവളങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ അറസ്റ്റിലായി. മുന്നൂറിലധികം കാറുകൾ പിടിച്ചെടുത്തു. റമദാൻ ഒന്ന് മുതലാണ് സൗദിയിൽ അനധികൃത ടാക്‌സികൾ കണ്ടെത്തുന്നതിനായി പ്രത്യേക കാമ്പയിൻ ആരംഭിച്ചത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. പരിശോധനയിൽ റമദാനിലെ ആദ്യ എട്ട് ദിവസങ്ങൾക്കുള്ളിൽ 418 പേരെ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റമദാൻ ഒമ്പത് മുതൽ 16 വരെയുളള എട്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വീണ്ടും 645 പേർ കൂടി അറസ്റ്റിലായി. ഇതോടെ പ്രത്യേക പരിശോധന കാമ്പയിനിലൂടെ അറസ്റ്റിലായവരുടെ എണ്ണം 1063 ആയി ഉയർന്നു. കൂടാതെ അനധികൃത ടാക്‌സിയായി ഉപയോഗിച്ച 305 കാറുകൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.
അറസ്റ്റിലായവർക്ക് 5000 റിയാൽ പിഴ ചുമത്തും. കൂടാതെ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ചിലവുകളും നിയമലംഘകർ വഹിക്കേണ്ടി വരും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നാണ് ഇത്രെയും പേർ അറസ്റ്റിലായത്. വിമാനത്താവളങ്ങളിൽ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും അധികൃതർ ശക്തമായി നിരീക്ഷിച്ച് വരികയാണ്. വിവിധ ഡിപ്പാർട്ടുമെന്റുകളുമായും സഹകരിച്ചുകൊണ്ടാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.