സൗദിയിൽ ഫിറ്റ്‌നസ് മാർക്കറ്റിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുന്നു
ആറ് പ്രമുഖ ബ്രാൻഡുകളാണ് നിലവിൽ രംഗത്തുള്ളത്
റിയാദ്: സൗദിയിൽ ഫിറ്റ്‌നസ് വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്. ആറ് പ്രമുഖ ബ്രാൻഡുകളാണ് നിലവിൽ സൗദിയിലെ ഫിറ്റ്‌നസ് രംഗത്തുള്ളത്. 206 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ രംഗത്ത് സൗദി 2032 ഓടെ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഫിറ്റ്‌നസ് മാർക്കറ്റിലെ നിക്ഷേപത്തിൽ വൻ വർധനവാണ്. 96 കോടിയിലധികമായിരുന്നു കഴിഞ്ഞ വർഷത്തെ ഈ മേഖലയിലെ നിക്ഷേപം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം സൗദി ജനസംഖ്യയുടെ 24 ശതമാനത്തിലധികം പൊണ്ണത്തടിയുള്ളവരാണ്.
അതേസമയം ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനായി നിരവധി പദ്ധതികളാണ് ഭരണകൂടം നടപ്പാക്കിയിട്ടുള്ളത്. വിഷൻ 2030ന്റെ ഭാഗമായി വിപുല കായിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടന്നുവരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളുടെ പ്രതിഫലനം കൂടിയാണ് നിക്ഷേപ വളർച്ച. ആരോഗ്യത്തെ കുറിച്ചുള്ള ധാരണ അഞ്ചു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 60 ശതമാനം വർധിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ സർവ്വ സാധാരണമായതും ജനങ്ങളിൽ ആരോഗ്യ ശ്രദ്ധ വർധിപ്പിക്കാൻ കാരണമായി. ഫിറ്റ്‌നസ് സെന്ററുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും 18 നും മുപ്പതിനും ഇടക്കുള്ളവരാണ്. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഫിറ്റ്‌നസ് സെന്ററുകളാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്.