ഇസ്ലാം നിർബന്ധ മതപരിവർത്തനത്തിനെതിര് - സുബൈർ പീടിയേക്കൽ
ജിദ്ദ: നിർബന്ധ മതപരിവർത്തനം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും എന്നാൽ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനും പ്രമുഖ പണ്ഡിതനുമായ സുബൈർ പീടിയേക്കൽ അഭിപ്രായപ്പെട്ടു. 'ഖുർആൻ - നജ്ജാശി മുതൽ റിച്ച്മണ്ട് വരെ' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം സ്വീഡനിൽ ഒരുപാട് ഖുർആൻ കോപ്പികൾ കത്തിച്ചുകൊണ്ട് വിശ്വാസികളെ പ്രകോപിതരാക്കാൻ ശ്രമിച്ചപ്പോൾ പൊതുജനങ്ങൾക്ക് അതിന്റെ കോപ്പികൾ വിതരണം ചെയ്തുകൊണ്ടും കൂട്ടമായി ഖുർആൻ പാരായണം ചെയ്തുകൊണ്ടുമായിരുന്നു വിശ്വാസികൾ പ്രതികരിച്ചത്. ആരൊക്കെ പ്രകോപിപ്പിച്ചാലും അവരെ ആക്രമിക്കുകയോ കൈവെട്ട് പോലുള്ള രീതികളിലേക്ക് പോവുകയോ ചെയ്യാതെ പ്രമാണങ്ങൾകൊണ്ട് നമ്മൾ സമാധാനപരമായി നേരിടണം. 1985ൽ ഖുർആൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഒരു ഹരജി വന്നപ്പോൾ അവിടുത്തെ ജഡ്ജിമാർ ഖുർആനിന്റെ വിവിധ പരിഭാഷകൾ പരിശോധിക്കുകയും ഇത് നന്മ-തിന്മകളെ വേർതിരിക്കുന്ന ഗ്രന്ഥമാണെന്നും സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് ഖുർആനിനെ ദുർവ്യാഖ്യാനിക്കുന്നത് കുറ്റകരമാണെന്നും വിധി പുറപ്പെടുവിക്കുകയുണ്ടായെന്നും അദ്ദേഹം ഉണർത്തി.
പ്രവാചകന്റെ കാലത്ത് അബ്‌സീനിയയിലെ നജ്ജാശി രാജാവിനോട് അവിടെ അഭയം പ്രാപിച്ച വിശ്വാസികളെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ മറുപടിയായി ജഅഫർ ഇബ്‌നു അബീത്വാലിബ് പാരായണം ചെയ്ത ഖുർആൻ വചനങ്ങൾ കേട്ട രാജാവ് വിശ്വാസിയായിത്തീരുകയുണ്ടായി. അന്നും ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും ഈ ഖുർആൻ മനസ്സിലാക്കിയ പലരും അതിന്റെ അനുയായികളായിത്തീരുന്ന കാഴ്ചകൾ നാം കാണുന്നുണ്ട്. മദീനയിൽ പ്രവാചകനെ സന്ദർശിക്കാൻ വന്ന ക്രിസ്ത്യൻ പുരോഹിതർ, അഗ്‌നിയാരാധകനായ സൽമാനുൽ ഫാരിസി, സിയറലിയോണിലെ മിഷനറി പ്രവർത്തകനായിരുന്ന മൂസ ഭങ്കൂര, അമേരിക്കക്കാരനായ യുശോ ഇവാൻസ്, സൗത്ത് ആഫ്രിക്കൻ മിഷനറി പ്രവർത്തകനായിരുന്ന റിച്ച്മണ്ട് തുടങ്ങിയവരൊക്കെ ഈ പാതയിൽ സഞ്ചരിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
തീർത്തും മാനവികവും പ്രായോഗികവും സർവ്വകാലികപ്രസക്തവുമായ ആശയങ്ങളുൾക്കൊള്ളുന്ന, സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏക ഗ്രന്ഥമായ ഖുർആൻ കഴിഞ്ഞ 14 നൂറ്റാണ്ടായി യാതൊരു കൈകടത്തലുമില്ലാതെ ഇന്നും നിലനിൽക്കുകയാണ്. അതിന്റെ പ്രകാശം ലോകാവസാനം വരെ ഊതിക്കെടുത്താൻ ആർക്കും സാധിക്കില്ലെന്ന് സൃഷ്ടാവ് തന്നെ വെല്ലുവിളിക്കുമ്പോൾ നമ്മൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
'പുതുതലമുറയുടെ ചോദ്യങ്ങളും രക്ഷിതാക്കളും' എന്ന വിഷയത്തിൽ അലി ശാക്കിർ മുണ്ടേരി സംസാരിച്ചു. ഇന്നത്തെ പുതുതലമുറയുടെ ചോദ്യങ്ങളെല്ലാം പുതിയതല്ലെന്നും അതൊക്കെ എക്കാലത്തും ഉയർന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുപ്പം മുതൽ കുട്ടികളെ ധാർമ്മികമായി വളർത്തലാണ് എല്ലാറ്റിനും പരിഹാരമെന്നും ഒരു തലമുറ ധാർമ്മികതയിൽ നിന്നകലുമ്പോൾ അടുത്തത് വീണ്ടും അവിടേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് ലോകത്ത് കാണാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീൻ പരപ്പനങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിക്കുകയും ഇസ്സുദ്ധീൻ സ്വലാഹി നന്ദിയറിയിക്കുകയും ചെയ്തു.