സൗദിയിലെ ഫ്രീ വിസക്കാർക്കും സ്‌പോൺസർമാർക്കും താക്കീത്; പിടിയിലായാൽ അമ്പതിനായിരം റിയാൽ പിഴ

പുറത്തു ജോലി ചെയ്യാൻ അനുമതി നൽകിയ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചാകും പിഴ

Update: 2021-10-04 17:46 GMT
Editor : Midhun P | By : Web Desk
Advertising

സൗദിയിൽ ഫ്രീ വിസയിൽ വന്ന് സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികളുടെ സ്പോൺസർമാർക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും അമ്പതിനായിരം റിയാൽ പിഴയും ഈടാക്കുമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചത്. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ചാകും പിഴ ചുമത്തുക.

സൗദിയിൽ വിവിധ സ്ഥാപനങ്ങൾക്ക് നിശ്ചിത എണ്ണം വിസ അനുവദിക്കാറുണ്ട്. ഇത് സ്ഥാപനത്തിന് പുറത്തേക്ക് മറിച്ചു കൊടുക്കുന്ന രീതിക്കെതിരെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്. ഇങ്ങനെയുള്ള ജോലിക്കാരിൽ നിന്നും പ്രതിമാസം പണം പറ്റുന്ന സ്പോൺസർമാർക്കെതിരായാണ് താക്കീത്. ഈ രീതിയില്‍ സ്ഥാപനത്തിലേക്കല്ലാതെ വന്ന് ജോലി ചെയ്ത് പിടിക്കപ്പെട്ടാൽ വിദേശിയെ നാടു കടത്തും. തൊഴിൽ വിപണി സുതാര്യമാക്കുന്നതിന്റെ ഭാഗമായി പരിശോധനയും ഉണ്ടാകും. ഇത്തരക്കാരെ ജോലിക്ക് നിർത്തിയാൽ സ്പോൺസർമാർക്ക് 3 മാസം വരെ ജയിൽ ശിക്ഷയും 50,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.

പുറത്തു ജോലി ചെയ്യാൻ അനുമതി നൽകിയ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചാകും പിഴ. കൂടാതെ സ്പോൺസർക്ക് ഒരു വർഷം വരെ റിക്രൂട്ട്മെന്റ് വിലക്കും ഏര്‍പ്പെടുത്തും. തൊഴിലാളിക്ക് ആറ് മാസം തടവും അമ്പതിനായിരം റിയാൽ പിഴയും കൂടാതെ നാടുകടത്തലുമാകും ശിക്ഷ. മറ്റൊരു സ്പോൺസറുടെ കീഴിലുള്ള ജീവനക്കാരനെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്കും പിഴയും നടപടിയും ഉണ്ടാകും.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News