പ്രവർത്തന മികവിൽ ജിദ്ദ വിമാനത്താവളം മുന്നിൽ; റിയാദ് വിമാനത്താവളം രണ്ടാം സ്ഥാനത്ത്
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിമാനത്താവളങ്ങളുടെ പ്രവർത്തന മികവ് വിശദീകരിക്കുന്നത്
ജിദ്ദ:സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ പ്രവർത്തന മികവിൽ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം മുന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ട്. 64 ശതമാനം മികവ് പുലർത്തി റിയാദ് വിമാനത്താവളം രണ്ടാം സ്ഥാനവും നേടി. അഞ്ച് മുതൽ 15 ദശലക്ഷം വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ദമ്മാം വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒക്ടോബറിലെ വിമാനത്താവളങ്ങളുടെ പ്രവർത്തന മികവ് വിശദീകരിക്കുന്നത്.
പ്രതിവർഷം 15 ദശലക്ഷത്തിലധികം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ 91 ശതമാനം മികവ് പുലർത്തികൊണ്ടാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തുള്ളത്. 64% മികവോടെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും എത്തി. പ്രതിവർഷം അഞ്ച് മുതൽ 15 ദശലക്ഷം വരെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ, ദമ്മാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടാണ് മുന്നിൽ. ഇവിടെ 91% കൃത്യത പാലിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളവും 91 ശതമാനം മികവോടെ രണ്ടാം സ്ഥാനത്തുണ്ട്. നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് മദീനയെ പിന്തള്ളി ദമ്മാം രണ്ടാം സ്ഥാനത്തെത്തിയത്.
പ്രതിവർഷം രണ്ട് മുതൽ അഞ്ച് ദശലക്ഷം വരെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ, 100 ശതമാനം കൃത്യതയോടെ പ്രവർത്തിച്ച് അബഹ വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തി. ജിസാനിലെ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും 100% മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. എന്നാൽ ജിസാൻ വിമാനത്തവളത്തെ അപേക്ഷിച്ച് അബഹ വിമാനത്താവളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ദശലക്ഷത്തിൽ താഴെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ, ഹായിൽ വിമാനത്താവളവും ആഭ്യന്തര വിമാനത്താവളങ്ങളിൽ ഗുരയാത്ത് എയർപോർട്ടും 100 ശതമാനം മികവോടെ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട് വിശദീകരിക്കുന്നു.
Jeddah Airport leads in operational excellence; Riyadh Airport is in second place