ജിദ്ദ ചേരി വികസനം; ഒക്ടോബറിൽ രണ്ട് ഡിസ്ട്രിക്ടുകളിൽ കൂടി പൊളിച്ച് തുടങ്ങും
ഒക്ടോബർ 1 മുതൽ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങും. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ 22 ദിവസത്തിനകം നീക്കം ചെയ്യുമെന്നും ചേരി വികസന കമ്മറ്റി അറിയിച്ചു
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ രണ്ട് ഡിസ്ട്രിക്ടുകളിൽ കൂടി ഒക്ടോബറിൽ ചേരികൾ പൊളിച്ച് തുടങ്ങും.ഇതിന്റെ ഭാഗമായി ഇവിടെയുള്ള ജനങ്ങൾക്ക് ഒഴിഞ്ഞ് പോകുവാനുള്ള അറിയിപ്പുകൾ നൽകി തുടങ്ങി. ഇത് വരെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് 374 ദശലക്ഷം റിയാൽ വാടകയായി നൽകിയതായി ചേരി വികസന കമ്മറ്റി അറിയിച്ചു. കുടിയൊഴിഞ്ഞ് പോകാൻ അറിയിപ്പ് നൽകി.
ജിദ്ദയിൽ നടന്ന് വരുന്ന ചേരി വികസന പദ്ധതിയുടെ ഭാഗമായി അൽ അദ്ൽ, അൽഫദ്ൽ ഡിസ്ട്രിക്ടുകളിലുള്ളവർക്കും ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകി തുടങ്ങി. ഇവിടങ്ങളിലെ കെട്ടിടങ്ങളിലേക്കുള്ള ജല, വൈദ്യുതി കണക്ഷനുകൾ സെപ്റ്റംബർ 10 മുതൽ വിച്ഛേദിക്കും. ഒക്ടോബർ 1 മുതൽ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങും. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ 22 ദിവസത്തിനകം നീക്കം ചെയ്യുമെന്നും ചേരി വികസന കമ്മറ്റി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ജിദ്ദയിൽ ചേരി പൊളിക്കൽ പദ്ധതി ആരംഭിച്ചത്. അതിന് ശേഷം ഇത് വരെ വിവിധ ചേരികളിൽ നിന്നായി കുടിയൊഴിപ്പിക്കപ്പെട്ട 18,000 ത്തോളം കുടുംബങ്ങൾക്ക് 374 ദശലക്ഷം റിയാലിലധികം തുക വാടകയിനത്തിൽ വിതരണം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ സാമൂഹിക സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 269 പേർ വിവിധ ജോലികളിൽ പ്രവേശിച്ചതായും കമ്മറ്റി അറിയിച്ചു.