ജിദ്ദ ചേരി വികസന പദ്ധതി; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് 24.3 കോടി റിയാൽ വിതരണം ചെയ്തു
കുടിയൊഴിപ്പിക്കപ്പെട്ടവരിലെ സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് അയ്യായിരത്തോളം വീടുകളും സർക്കാർ നിർമ്മിക്കുന്നുണ്ട്.
ജിദ്ദ ചേരി വികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാടകയായി 24.3 കോടിയിലേറെ റിയാൽ വിതരണം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരിലെ സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് അയ്യായിരത്തോളം വീടുകളും സർക്കാർ നിർമ്മിക്കുന്നുണ്ട്. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തികൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും.
കഴിഞ്ഞ ഒക്‌ടോബറിൽ ചേരിവികസന പദ്ധതി ആരംഭിച്ചത് മുതലുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പുറമെ ഭക്ഷ്യകിറ്റ്, കുടിവെള്ളം, ഭക്ഷണം, മരുന്ന്, കുട്ടികൾക്കുള്ള ഭക്ഷണം എന്നിവയുടെ വിതരണവും, താൽക്കാലിക പാർപ്പിട സൗകര്യമൊരുക്കൽ, വാടക അടക്കൽ, വീട്ടുപകരണങ്ങൾ സൗജന്യമായി നീക്കം ചെയ്യൽ എന്നീ സേവനങ്ങളും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഇതുവരെ നൽകിയിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ടവരിൽപ്പെട്ട സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങൾക്കു വേണ്ടി 4,781 വീടുകളും നിർമിക്കുന്നുണ്ട്. ഇവ അടുത്ത വർഷാവസാനത്തോടെ പൂർണ സജ്ജമാകും. വികസന പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തികൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും ചേരി വികസന സമിതി അറിയിച്ചു.