ജിദ്ദ വാട്ടർഫ്രണ്ട് പദ്ധതി ആരംഭിച്ചു; മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും
ചരിത്ര പ്രസിദ്ധമായ അല്‍ ബന്‍ത് തുറമുഖം മുതല്‍ ബലദ് വരെ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ വാട്ടര്‍ ഫ്രണ്ട് നിര്‍മിക്കുന്ന പദ്ധതിയാണിത്.
സൗദി ജിദ്ദയിൽ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വാട്ടർ ഫ്രണ്ട് പദ്ധതി ആരംഭിച്ചു. പുരാതന നഗരമായ ബലദിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണിത്. പ്രദേശത്തിൻ്റെ പൈതൃക സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടുന്ന പദ്ധതി രണ്ട് വർഷം കൊണ്ടാണ് പൂർത്തീകരിക്കുക.
2021 സെപ്തംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഹിസ്റ്റോറിക് ജിദ്ദ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായാണ് വാട്ടർ ഫ്രണ്ട് പദ്ധതിക്ക് സാംസ്കാരിക മന്ത്രാലയം തുടക്കം കുറിച്ചത്. ചരിത്ര പ്രസിദ്ധമായ അല്‍ ബന്‍ത് തുറമുഖം മുതല്‍ ബലദ് വരെ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ വാട്ടര്‍ ഫ്രണ്ട് നിര്‍മിക്കുന്ന പദ്ധതിയാണിത്.
സാംസ്‌കാരിക, പൈതൃക, പാരിസ്ഥിതിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബലദിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ വൻ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. ഒന്നാം ഘട്ടത്തിൽ നഗരവികസനത്തിൻ്റെ ഭാഗമായി മുൻകാലങ്ങളിൽ മണ്ണിട്ട് നികത്തിയ കടൽ പ്രദേശം വീണ്ടും കുഴിച്ചെടുക്കും. രണ്ടാം ഘട്ടത്തിൽ അല്‍ അര്‍ബഈന്‍ തടാകത്തിലെ ജലമലിനീകരണം ഇല്ലാതാക്കും.
ആഡംബര നൗകകള്‍, നടപ്പാലം, പാര്‍ക്കുകള്‍, പൊതു സൗകര്യങ്ങള്‍ എന്നിവക്കായി മറീന സ്ഥാപിക്കലാണ് മൂന്നാം ഘട്ടത്തിൽ. ബലദ് പ്രദേശത്തെ ചരിത്ര പ്രധാന കെട്ടിടങ്ങള്‍ അവയുടെ പൈതൃകം നിലനിര്‍ത്തി ആഡംബര ഹോട്ടലുകളാക്കി മാറ്റും. ആദ്യകാല ഹജ്ജിൻ്റെ ചരിത്രം വിവരിക്കുന്ന രീതിയിൽ നഗരത്തെ പൂർണമായി മാറ്റിയെടുക്കും. കൂടാതെ മറ്റു നിരവധി വികസനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല വ്യക്തമാക്കി.