ജിദ്ദ ഡൗൺടൗൺ പ്രോജക്റ്റ് മാസ്റ്റർ പ്ലാനിന് അംഗീകാരം
75 ബില്യൺ റിയാൽ നിക്ഷേപം വരുന്ന പദ്ധതി ജിദ്ദയുടെ മുഖഛായ മാറ്റും
സൌദി കിരീടാവകാശിയുടെ ജിദ്ദ ഡൗൺടൗൺ പ്രോജക്റ്റ് മാസ്റ്റർ പ്ലാനിന് അംഗീകാരമായി.75 ബില്യൺ റിയാൽ നിക്ഷേപം വരുന്ന പദ്ധതി ജിദ്ദയുടെ മുഖഛായ മാറ്റും.വിനോദ ടൂറിസം മേഖലയിൽ നിരവധി ജോലികളും ഇതോടെയുണ്ടാകും.2027ലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാവുക
5.7 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് ജിദ്ദയിൽ പ്രത്യക വികസന പദ്ധതികൾ. കിരീടാവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും, പ്രാദേശിക, വിദേശ നിക്ഷേപകരും ചേർന്നാണ് ഇതിനുള്ള ധനസഹായം നൽകുന്നത്. ജിദ്ദയുടെ ഹൃദയഭാഗത്ത് ലോകത്തെ ആകർഷിക്കുന്ന നിക്ഷേപ, ടൂറിസം, വ്യവസായ കേന്ദ്രമാണ് വരിക. ഇവിടെ ചെങ്കടലിന്റെ നേരിട്ടുള്ള കാഴ്ചകൾ കാണാനാകും വിധം പ്രത്യേക മ്യൂസിയമുണ്ടാകും.
ചെങ്കടലിലെ സവിശേഷ പവിഴപ്പുറ്റുകൾ പരിചയപ്പെടുത്തുന്ന ഫാം, ഒപ്പേര ഹൌസ്, അത്യാധനു സ്പോട്സ് സ്റ്റേഡിയം, സമുദ്ര ടൂറിസം പദ്ധതി എന്നിവയുമൊരുക്കും. ലോക ശ്രദ്ധ ക്ഷണിക്കും വിധം പത്തോളം വിനോദ ടൂറിസം പദ്ധതികളും ഉൾപ്പെടുന്നതാണ് ജിദ്ദ ഡൗൺടൗൺ. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. ആദ്യഘട്ടം 2027 അവസാനത്തോടെ പൂർത്തിയാകും. അന്ന് ജിദ്ദയിലെ താമസക്കാർക്കും സന്ദർശകർക്കും പ്രവേശനം അനുവദിക്കും. രണ്ടായിരത്തി മുപ്പതോടെ പദ്ധതി വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് 47 ബില്യൺ റിയാൽ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.