യുഎഇ പ്രസിഡന്‍റിന് നന്ദിയറിയിച്ച് ജോ ബൈഡൻ
മൂന്നു വട്ടം ആവർത്തിച്ച് നന്ദി പറയുന്ന വീഡിയോയിൽ മറ്റു ലോക നേതാക്കൾ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം.
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് നന്ദിയറിയിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ജി20 ഉച്ചകോടിയിലെ സുപ്രധാന കൂടിക്കാഴ്ചയ്ക്കിടെ ലോകനേതാക്കൾക്ക് മുമ്പിലാണ് ബൈഡൻ ശൈഖ് മുഹമ്മദിനെ പ്രകീർത്തിച്ചത്. യുഎഇ പ്രസിഡന്റ് എന്ന നിലയിൽ ശൈഖ് മുഹമ്മദിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനത്തിനിടെയാണ് ബൈഡൻ യുഎഇ പ്രസിഡന്റിന് പ്രത്യേക നന്ദിയറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇത്.
ശൈഖ് മുഹമ്മദ് ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു കൂടിയിരുത്തവും പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ബൈഡൻ നന്ദി പ്രകാശിപ്പിച്ചത്. മൂന്നു വട്ടം ആവർത്തിച്ച് നന്ദി പറയുന്ന വീഡിയോയിൽ മറ്റു ലോക നേതാക്കൾ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം. സാമൂഹിക മാധ്യമങ്ങളിൽ ഏറെ പേർ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
ന്യൂഡൽഹിയിൽ സമാപിച്ച ഉച്ചകോടിയിൽ വിവിധ ലോകരാഷ്ട്ര നേതാക്കളുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ- യു.എ.ഇ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു.