പ്രവാസികളുടെ നിയമലംഘനങ്ങളെ ഓർമ്മിപ്പിച്ച് ജുബൈൽ വെൽഫെയർ അസോസിയേഷൻ
സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേസുകളിൽ പെട്ട് ജയിലിലാകുന്ന പ്രവാസികളുടെ എണ്ണം ആശങ്ക ഉളവാക്കുന്നതാണെന്ന് ജുബൈൽ വെൽഫെയർ അസോസിയേഷൻ. ഇത് വഴി നിരവധി ആളുകൾക്ക് നിയമകുരുക്കുകളിൽ അകപ്പെട്ട് ജോലി പോലും നഷ്ടപ്പെടുന്നു. സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് സംഘടനാ തലങ്ങളിലുള്ള ബോധവത്കരണം അനിവാര്യമാണെന്ന് ജുവാ എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ചെയർമാൻ അഷ്‌റഫ് മുവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
മൂന്ന് വർഷം മുമ്പ് സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോവുകയും പിന്നീട് ഖത്തറിൽ ജോലിക്കെത്തുകയും ചെയ്ത മലയാളി, ഉംറ നിർവഹിക്കുന്നതിനായി സൗദിയിലെത്തി തിരികെ ഖത്തറിലേക്ക് പോകുന്നതിനിടെ, തദ്ദേശ ബാങ്കുമായി സാമ്പത്തിക ബാധ്യതയുള്ളതിനാൽ യാത്രാവിലക്കുണ്ടെന്ന് അധികൃതർ അറിയിക്കുകയും യാത്ര തടസ്സപ്പെടുകയും ചെയ്ത സംഭവം ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു.
മാനസികമായി തളർന്ന അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജുബൈൽ ഇസ്‌ലാഹി സെന്റർ, ജുവായുടെ പിന്തുണ ആവശ്യപ്പെടുകയായിരുന്നു. ജുവാ രക്ഷാധികാരി ഷാജി ടി.സിയുടെയും, അഷ്‌റഫ് മുവാറ്റുപുഴയുടെയും അഭ്യർത്ഥനയെ തുടർന്ന് ഇരയാക്കപ്പെട്ട വ്യക്തിക്ക്, ഒ.ഐ.സി.സി, കെ.എം.സി.സി, നവോദയ, സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, ഫോക്കസ് ജുബൈൽ, ഐ.സി.ഫ് ജുബൈൽ, ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, ജുബൈൽ മലയാളി സമാജം, തനിമ ജുബൈൽ, ക്രൈസിസ് മാനേജ്മെന്റ്, ആംപ്സ്, കോൺഫിഡന്റ് അറേബ്യ തുടങ്ങിയ സംഘടനകൾ ആവശ്യമായ സഹായം എത്തിക്കാൻ മുന്നോട്ട് വന്നു.
മേഖലയിലെ പ്രമുഖരായ ടി.സി.ഷാജി, കുഞ്ഞി കോയ, സയിദ്, സഫയർ മുഹമ്മദ്, ജയൻ തച്ചൻപാറ, അഷ്‌റഫ് കൊടുങ്ങല്ലൂർ, അൻഷാദ് ആദം, നസീർ തുണ്ടിൽ, നിസാം യാഖുബ് എന്നിവരും യജ്ഞത്തിൽ പങ്കാളികളായി.
മദ്യം, മയക്കുമരുന്ന്, ക്രെഡിറ്റ് കാർഡിന്റെ നിയമവിരുദ്ധമായ ഉപയോഗം, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ, അനാവശ്യ കാര്യങ്ങളിൽ അനന്തരഫലങ്ങൾ മനസിലാക്കാതെ ഇടപെടൽ തുടങ്ങിയ കേസുകളിൽ പെട്ടുപോകുന്നവരെ കുറിച്ച് കബീർ സലാഹി, പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർമാരായ സൈഫുദ്ധീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവർ സംസാരിച്ചു. എല്ലാ സംഘടനകളുടെയും പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷംസുദ്ധീൻ പള്ളിയാളി സ്വാഗതവും, ഉമേഷ് കളരിക്കൽ നന്ദിയും പറഞ്ഞു.