കേളി കലാസാംസ്‌കാരിക വേദി ഏഴാമത് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും.
റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് 'ജീവസ്പന്ദനം2024' ഈ വരുന്ന വെള്ളിയാഴ്ച ( 24-05-2024) നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും. കഴിഞ്ഞ ആറ് ക്യാമ്പുകളും കേളിയും സൗദി ആരോഗ്യ മന്ത്രാലയവും കൈകോർത്താണ് ക്യാമ്പ് നടത്തിയിരുന്നത്. ഇത്തവണ ആരോഗ്യ മന്ത്രാലയത്തിന് പുറമെ കിംഗ് സൽമാൻ മിലിട്ടറി ആശുപത്രിയും, കേളിയോടൊപ്പം കൈക്കർക്കുന്നുണ്ട്.1007 പേർ ദാതാക്കളായ ആറാമത് ക്യാമ്പിന്റെ ഖ്യാതിയാണ് മിലിട്ടറി ആശുപത്രിയെ കേളിയോടൊപ്പം പങ്കാളികളാകാൻ പ്രേരിപ്പിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റാണ് ഇത്തവണയും ക്യാമ്പിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നത്. തുടർച്ചയായി മുന്നാം തവണയാണ് ലുലു ഹൈപ്പർമാർക്കറ്റ് കേളി രക്തദാന ക്യാമ്പുമായി സഹകരിക്കുന്നത്. ഹജ്ജിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയവും, കിംഗ് സൽമാൻ മിലിട്ടറി ആശുപത്രിയും രക്തം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറാമത് ക്യാമ്പിനു മുമ്പ് വരെ വർഷങ്ങളിൽ 600 മുതൽ 850 വരെ യൂണിറ്റ് രക്തമാണ് ഓരോ ക്യാമ്പിലും നൽകിയിട്ടുള്ളത്. ജീവസ്പന്ദനം2023ൽ 1150 പേർ രക്തം ദാനം ചെയ്യുന്നതിനായി ക്യാമ്പിൽ എത്തി. ഒരു പ്രവാസി സംഘടന 8 മണിക്കൂറിനുള്ളിൽ 1007 യൂണിറ്റ് രക്തം നൽകുന്നത് സൗദി അറേബ്യയിലെതന്നെ ചരിത്ര നേട്ടമാണ്. നാളിതുവരെ കേളി ഏകദേശം 8500 യൂണിറ്റിൽ അധികം രക്തം വിവിധ ഘട്ടങ്ങളിലായി നൽകിയിട്ടുണ്ട്.
ക്യാമ്പിന്റെ വിജയത്തിനായി മധു പട്ടാമ്പി ചെയർമാൻ, അനിൽ അറക്കൽ വൈസ് ചെയർമാൻ , നസീർ മുള്ളുർക്കര കൺവീനർ , നാസർ പൊന്നാനി ജോയിന്റ് കൺവീനർ, എന്നിവരടങ്ങുന്ന101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മുൻ വർഷങ്ങളിൽനിന്നും വിഭിന്നമായി ഈ വർഷം രജിസ്ട്രേഷൻ സുഗമമാക്കുന്നതിന്ന് ഗൂഗിൾ രജിസ്ട്രേഷൻ നേരത്തെ തന്നെ ആരംഭിച്ചു. ഇതുവരെ 850ൽ പരം പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും , പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തിൽ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ മധു പട്ടാമ്പി 053 624 0020, കൺവീനർ നസീർ മുള്ളുർക്കര 0540010163 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കെപിഎം സാദിഖ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം,ജോസഫ് ഷാജി,മധു പട്ടാമ്പി,നസീർ മുള്ളുർക്കര. എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു