ഹറമിലെ കിംഗ് അബ്ദുൽ അസീസ് കവാടം തുറന്നുകൊടുത്തു

റമദാനിലെ തീർഥാടകരുടെ സൌകര്യം പരിഗണിച്ചാണ് കവാടം തുറന്നത്.

Update: 2022-04-06 16:25 GMT
Advertising

മക്ക ഹറം പള്ളിയുടെ കിംഗ് അബ്ദുൽ അസീസ് കവാടം ഹറംകാര്യ വകുപ്പ് വിശ്വാസികൾക്ക് തുറന്നുകൊടുത്തു. റമദാനിലെ തീർഥാടകരുടെ സൌകര്യം പരിഗണിച്ചാണ് കവാടം തുറന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഉംറ ചെയ്യാൻ അനുമതിയില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഇരുഹറം കാര്യാലയം മേധാവി ശൈഖ്. ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസാണ് കിംഗ് അബ്ദുൽ അസീസ് കവാടം വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. റമദാനിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സൌകര്യം പരിഗണിച്ചാണിത്. നിർമ്മാണ പ്രവർത്തനത്തിലായിരുന്നതിനാൽ അടച്ചിട്ടതായിരുന്നു കിംഗ് അബ്ദുൽ അസീസ് കവാടം. ശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ റമദാനിന് ശേഷം തുടരും.

റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ ഇപ്പോഴും ലഭ്യമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ അഞ്ച് വയസ്സിൽ കുറവുള്ള കുട്ടികൾക്ക് ഉംറ ചെയ്യാൻ അനുവാദമില്ല. ഉംറ തീർഥാടകർക്ക് പ്രവേശനം അനുവദിക്കുന്ന ഭാഗങ്ങളിലേക്ക് കുട്ടികൾക്ക് പ്രവേശനവും അനുവദിക്കില്ല. എങ്കിലും കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ഹറം പള്ളിയിൽ നമസ്കാരങ്ങൾക്കായി ക്രമീകരിച്ചിട്ടുള്ള ഭാഗങ്ങളിലേക്ക് പ്രവേശിക്കാം. കൊറോണ വൈറസ് ബാധിക്കുകയോ രോഗികളുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാത്ത, അഞ്ചും അതിൽ കൂടുതലും പ്രായമുള്ളവർക്കെല്ലാം ഉംറ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

മക്കയിൽ ഉംറ ചെയ്യുന്നതിനും, മദീനയിലെ റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. അതേ സമയം ഇരു ഹറമുകളിലും നമസ്കരിക്കുന്നതിനും പ്രാവചകൻ്റെയും അനുചരന്മാരുടേയും ഖബറിടങ്ങളിൽ സലാം പറയാനും പെർമിറ്റ് ആവശ്യമില്ലെന്നും ഇരു ഹറം കാര്യാലയം വ്യക്തമാക്കി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News