കെഎംസിസി എബിസി കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം
16 ടീമുകളാണ് പങ്കെടുക്കുന്നത്
കെഎംസിസിയുമായി ചേർന്ന് സൗദിയിൽ എബിസി കാർഗോ സംഘടിപ്പിക്കുന്നു ഫുട്ബോൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം. ദക്ഷിണേന്ത്യയിൽ നിന്നുളള ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന മത്സരങ്ങൾ രണ്ട് മാസം നീണ്ടു നിൽക്കും.
വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളോടെയാണ് എബിസി കാർഗോ കപ്പിന് റിയാദിൽ തുടക്കമായത്. ഫുട്ബോൾ മേള എബിസി കാർഗോ ഡയറക്ടർ സലിം അബ്ദുൽ ഖാദർ കിക് ഓഫ് ചെയ്തു. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ എ ഡിവിഷൻ മത്സരങ്ങളും ആരംഭിച്ചു. ടീമുകളുടെ മാർച്ച് പാസ്റ്റ്, ശിങ്കാരിമേളം എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനമാക്കിയാണ് മത്സരം. ടൂർണമെന്റിനോടനുബന്ധിച്ച് ഇന്ത്യാ-നേപ്പാൾ സൗഹൃദ മത്സരവും അരങ്ങേറും. സൗദി ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ച റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്.
16 ടീമുകളാണ് ഫുട്ബോൾ മേളയിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് ഏബിസി കാർഗോ കപ്പ് ട്രോഫിക്ക് പുറമെ 10,000 റിയാൽ ക്യാഷ് പ്രൈസും സമ്മാനിക്കും. കേരളത്തിലെ സി എച് സെന്ററുകളെ സഹായിക്കുന്നതിന് ധനസമാഹരണത്തിനാണ് ഫുട്ബോൾ മേള.
മൂന്ന് വർഷത്തിനു ശേഷമാണ് കെഎംസിസി സെൻട്രൽ കമ്മറ്റി ഫുട്ബോൾ ടൂർണമെന്റിന് വേദി ഒരുക്കുന്നത്. വ്യാഴം, വെളളി ദിവസങ്ങളിൽ ഹരാജിന് അടുത്ത് ഹയ് അൽ മസാനയിലെ അസിസ്റ്റ് സ്‌കൂൾ അക്കാദമി ഗ്രൗണ്ടിലാണ് മത്സരത്തിന് വേദി ഒരുക്കിയിട്ടുളളത്.
സിപി മുസ്തഫ, ജലീൽ തിരൂർ, മുജീബ് ഉപ്പട, കെൽകോ മാനേജിംഗ് ഡയറക്ടർ അസ്‌ക്കർ മേലാറ്റൂർ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.