കെ.എം.സി.സി സൗദി നാഷണൽ സോക്കർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21ന്
ഫൈനൽ മത്സരം റിയാദിൽ
ദമ്മാം: എഞ്ചിനിയർ ഹാഷിം സ്മാരക കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ - കിഴക്കൻ മേഖലാ തല മത്സരങ്ങൾക്ക് ജൂൺ 21ന് വെള്ളിയാഴ്ച ദമ്മാമിൽ തുടക്കമാകും. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങിയ നാലു പ്രവിശ്യകളിലായാണ് മേള സംഘടിപ്പിക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുകളുമായി സഹകരിച്ചാണ് മേള നടക്കുന്നത്. എട്ട് ടീമുകൾ മാറ്റുരക്കുന്ന മേളിൽ ജിദ്ദയിൽ നിന്ന് മൂന്നും ദമ്മാം-റിയാദ് പ്രവിശ്യകളിൽ നിന്ന് രണ്ട് വീതവും യാമ്പുവിൽ നിന്ന് ഒരു ടീമുമാണ് പങ്കെടുക്കുക.
റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പിൽ രണ്ടു പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി. പ്രീ കോർട്ടർ മത്സരങ്ങളാണ് ദമ്മാമിൽ വെച്ച് സംഘടിപ്പിക്കുന്നത്. ജൂൺ 21 നു ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാ തല ഉദ്ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യവസായ പ്രമുഖൻ ഡോ. സിദീഖ് അഹ്‌മദ് മുഖ്യാതിഥിയായി പങ്കെടുക്കും. കലാരൂപങ്ങൾ, സാംസ്‌കാരിക കൂട്ടായ്മകളുടെ വിവിധ പരിപാടികൾ എന്നിവ കോർത്തിണക്കി സാംസ്‌കാരിക ഘോഷ യാത്ര ഉദ്ഘടനത്തോടനുബന്ധിച്ച് നടക്കും. ജൂലൈ അഞ്ചിന് സെമി ഫൈനൽ മത്സരങ്ങൾക്കും ദമ്മാം വേദിയാകും. ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും.
ടൂർണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളെ ഉൾപ്പെടുത്തി വിപുല സംഘടക സമിതിക്ക് രൂപം നൽകി. ദമ്മാം ഫുട്ബാൾ അസോസിയേഷൻ ഡിഫയുടെ സഹകരണത്തോടെയാണ് ദമാമിലെ മത്സരങ്ങൾക്ക് രൂപം നൽകിയത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ ബദർ എഫ്.സി ദമ്മാം, ഖാലിദിയ എഫ്.സി ദമ്മാമുമായി ഏറ്റുമുട്ടും.
ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കിയിട്ടുണ്ട്. എട്ട് ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനിക്കും. സൗദി മലയാളി ടൂർണ്ണമെന്റുകളിലെ ഏറ്റവും ഉയർന്ന പ്രൈസ് മണി സമ്മാനമായി നൽകും. മേളയുടെ ദേശീയ തല ഉദ്ഘാടനം ജിദ്ദയിൽ നടന്നു. ഫൈനൽ മത്സരം റിയാദിൽ വെച്ചാണ് നടക്കുക.
കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിംഗ് ചെയരർമാൻ ഖാദർ മാസ്റ്റർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.