ഉരുൾപൊട്ടൽ ദുരന്തം: മുപ്പത് ലക്ഷം രൂപ പ്രഖ്യാപിച്ച് കോഴിക്കോടൻസ്
വിലങ്ങാട് പ്രദേശത്തേക്കായിരിക്കും ആദ്യ ഘട്ട സഹായം
റിയാദ്: വയനാട്ടിലെയും കോഴിക്കോട്ടെയും ഉരുൾപൊട്ടൽ ദുരന്തത്തിൽ യാതനയനുഭവിക്കുന്നരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുപ്പത് ലക്ഷം രൂപ പ്രഖ്യാപിച്ച് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ്. റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് മുപ്പത് ലക്ഷം രൂപ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ ദുരന്ത ബാധിത മേഖലയായ വിലങ്ങാട് പ്രദേശത്തേക്കായിരിക്കും ആദ്യ സഹായങ്ങൾ. പ്രദേശങ്ങൾ സന്ദർശിച്ച കോഴിക്കോടൻസ് പ്രതിനിധികളുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സന്ദർശനത്തിന്റെ ഭാഗമായി പ്രതിനിധികൾ എം.എൽ.എ ടി. സിദ്ദീഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം സിറ്റിഫ്‌ളവർ എംഡി അഹ്‌മദ് കോയ നിർവഹിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി കമ്മിറ്റിയും രൂപീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, ചമൽ, കോളിക്കൽ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിര സഹായങ്ങൾ കോഴിക്കോടൻസ് നേരത്തെ നൽകിയിരുന്നു. റിയാദ് മീഡിയ ഫോറം ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ റാഫി കൊയിലാണ്ടി, ഫൈസൽ പൂനൂർ, റാഷിദ് ദയ, സഹീർ മുഹ്യുദ്ദീൻ, മുനീബ് പാഴൂർ എന്നിവർ പങ്കെടുത്തു.