മുട്ട വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കൈകോർത്ത് ലുലു ഗ്രൂപ്പ്
മുട്ട ഉൽപാദകരുടെ അസോസിയേഷനും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടു
റിയാദ്: മുട്ട വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാൻ കൈകോർത്ത് ലുലു ഗ്രൂപ്പ്. കാർഷിക, വാണിജ്യ മന്ത്രാലയങ്ങളുമായാണ് ലുലു കൈകോർത്തത്. രാജ്യത്തെ കോഴി ഫാമുകളിൽ നിന്ന് ഇടനിലക്കാരില്ലാതെ മുട്ട നേരിട്ട് ലുലു ഹൈപർമാർക്കറ്റുകളിലെത്തിക്കുന്നതാണ് പദ്ധതി. ഇതിനായി മുട്ട ഉൽപാദകരുടെ അസോസിയേഷനും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടു. ഇതോടെ മുട്ടയുടെ വിലകുറയുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ കോഴിഫാമുകളിൽ നിന്ന് മുട്ടകൾ നേരിട്ടെത്തിക്കുകയാണ് പദ്ധതി. ഇതിലൂടെ പ്രാദേശിക വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ കോഴി ഫാമുകളിൽ നിന്ന് മുട്ടകൾ നേരിട്ട് ലുലു ഹൈപർ മാർക്കറ്റുകളിലേക്കും സ്റ്റോറുകളിലേക്കും വിതരണം ചെയ്യാൻ അസോസിയേഷനെ പുതിയ ധാരണാപത്രം പ്രാപ്തരാക്കും. സൗദി അറേബ്യയിൽ 27 ഹൈപർ മാർക്കറ്റുണ്ട് ലുലു ഗ്രൂപ്പിന്. ഇതോടെ സൗദിയിലെ എല്ലാ ഭാഗങ്ങളിലും ഇതിന്‍റെ ഗുണം ലഭിക്കും.
ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ പരിസ്ഥിതി-ജലം-കാർഷിക മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എൻജി. അഹ്മദ് ബിൻ സാലെ അൽ അയാദ, വാണിജ്യ മന്ത്രാലയം അസിസ്റ്റന്‍റ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അൽ ഉബൈദ് എന്നിവർ പങ്കെടുത്തു. ലുലു ഗ്രൂപ്പിന് വേണ്ടി ലുലു സൗദി ഹൈപർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദും ഉൽപാദക അസോസിയേഷന് വേണ്ടി കോ ഓപറേറ്റീവ് അസോസിയേഷൻ മേധാവി അബ്ദുൽ അസീസ് അൽശൈഖും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി ഭക്ഷ്യസുരക്ഷയുടെയും കാർഷിക മേഖലയുടെയും കാര്യത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാർ. ധാരണാ പത്രത്തിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് എത്തിക്കാനാകുമെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. നീക്കം വലിയ നേട്ടമാണെന്ന് കോ ഓപറേറ്റീവ് അസോസിയേഷൻ മേധാവി അബ്ദുൽ അസീസ് അൽശൈഖ് അഭിപ്രായപ്പെട്ടു.