മക്ക കെ.എം.സി.സി ഹജ്ജ് വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു
വിശുദ്ധ ഹറമിനടുത്തും, ഹാജിമാരുടെ വിവിധ താമസ സ്ഥലങ്ങൾക്ക് സമീപവും ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങളിലും കെ.എം.സി.സി വളണ്ടിയർമാർ പ്രവർത്തിക്കും.
മക്ക: ദൈവത്തിന്റെ അതിഥികളായി മക്കയിലെത്തുന്ന തീർഥാടകർക്കുള്ള സേവനങ്ങൾ നൽകാൻ തയ്യാറെടുത്ത് മക്ക കെ.എം.സി.സി. സൗദി നാഷണൽ ഹജ്ജ് സെല്ലിന് കീഴിൽ മക്ക കെ.എം.സി.സിയുടെ ഹജ്ജ് വളണ്ടിയർമാർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
വിശുദ്ധ ഹറമിനടുത്തും, ഹാജിമാരുടെ വിവിധ താമസ സ്ഥലങ്ങൾക്ക് സമീപവും ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങളിലും കെ.എം.സി.സി വളണ്ടിയർമാർ പ്രവർത്തിക്കും. കൂടാതെ മക്കയിലെ വിവിധ ആശുപത്രികൾ കേന്ദ്രികരിച്ചും, ഇന്ത്യയിൽ നിന്നെത്തുന്ന ഖാദിമുൽ ഹുജ്ജാജുമായി സഹകരിച്ചും മക്ക കെ.എം.സി.സിയുടെ ഹജജ് സെൽ വളണ്ടിയർമാർ സേവനം ചെയ്യും.
വരും ദിവസങ്ങളിൽ വളണ്ടിയർമാർക്കുള്ള പരിശീലനക്ലാസുകൾ ആരംഭിക്കും. മക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഹാജിമാരുടെ ബിൽഡിംഗുകളുടെ ലൊക്കേഷൻ മാപ്പിനെ കുറിച്ചും വളണ്ടിയർമാർക്ക് വിവരിച്ച് കൊടുക്കും.
ആദ്യ ഹജജ് വളണ്ടിയറായി സൗദി നാഷണൽ കമ്മിറ്റി ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുരിനെ രജിസ്റ്റർ ചെയ്തുകൊണ്ട് സൗദി നാഷണൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ വളണ്ടിയർ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ മലയിൽ, മുസ്തഫ മുഞക്കുളം, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.