മലയാളി ഉപേക്ഷിച്ച സോമാലിയൻ സ്വദേശിനിയെയും 7 മക്കളെയും സംരക്ഷിക്കാൻ ജിദ്ദയിൽ മലയാളികൾ ഒത്തുചേർന്നു
പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സോമാലിയൻ സ്വദേശിയായ ഭാര്യ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോയത്
ജിദ്ദ: സൗദിയിൽ മലയാളി ഉപേക്ഷിച്ച് പോയ സോമാലിയൻ സ്വദേശിനിയെയും ഏഴ് മക്കളെയും സംരക്ഷിക്കുന്നതിനായി ജിദ്ദയിൽ മലയാളികൾ ഒത്തു ചേർന്നു. സാന്ത്വന സ്പർശം എന്ന കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് തിരിഞ്ഞ് നോക്കാതായതോടെ താമസരേഖയില്ലാത്തതിനാലും വർധിച്ച വാടകയും മൂലം പുതിയ താമസ സ്ഥലം കണ്ടെത്താനും ഈ കുടുംബം പ്രയാസപ്പെടുകയാണ്.
പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സോമാലിയൻ സ്വദേശിയായ ഭാര്യ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോയത്. ഈ സമയത്ത് ഏഴാമത്തെ കുട്ടിയായ ഹാജറ മുഅ്മിനയുടെ ഉദരത്തിൽ വളരുന്നുണ്ടായിരുന്നു. ഇയാൾ നാട്ടിലെത്തിയ ശേഷമാണ് മുഅ്മിനയും മക്കളും വിവരമറിയുന്നത്. അതിന് ശേഷം ഇദ്ദേഹം തിരിച്ച് വന്നിട്ടില്ല. ആദ്യ കാലത്തൊക്കെ ഇവരുടെ ദൈനംദിന ചെലവുകളിലേക്കായി അയാൾ സഹായം എത്തിക്കാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം കൂടെ കൂടെ നിലച്ചു. അന്ന് മുതൽ ഇത് വരെ ഇവരുടെ ജീവിത ചെലവുകൾ വഹിക്കുന്നത് ജീവകാരുണ്യ പ്രവർത്തകനായ അച്ചനമ്പലം സ്വദേശി അബ്ദുൽ സലാമും മുജീബ് കുണ്ടൂരും നേതൃത്വം നൽകുന്ന പത്ത് മലയാളി പ്രവാസികളുടെ കൂട്ടായ്മയായ സാന്ത്വന സ്പർശമാണ്.
പലരും പല തവണ നാട്ടിൽ നിന്നും അബ്ദുൽ മജീദുമായി സംസാരിച്ചുവെങ്കിലും അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നാല് പെണ്‍മക്കളും മൂന്ന് ആണ് മക്കളുമാണ് ഇവർക്കുള്ളത്. ഒരു ജനന സർട്ടിഫിക്കറ്റ് പോലും അബ്ദുൽ മജീദ് ഈ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടില്ല. അതിനാൽ തന്നെ താമസ രേഖകളൊന്നും ഇല്ലാതെ അനധികൃതമായാണ് ഇവർ സൗദിയിൽ കഴിയുന്നത്. ഏത് സമയത്തും പൊലീസ് പിടിയിലാകുമെന്ന ഭയത്തോടെയാണ് ഇവരുടെ ജീവിതം. ഇതിനിടെ രണ്ട് ആണ് മക്കളെ പൊലീസ് പിടികൂടി നാട് കടത്തി.
നഗര വികസനത്തിൻ്റെ ഭാഗമായി ജിദ്ദയിലെ പല ഭാഗങ്ങളിലും കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയതോടെ ഇവരും പെരുവഴിയിലായി. താമസ രേഖയില്ലാത്തതിനാലും വർധിച്ച വാടകയും മൂലം പുതിയ താമസ സ്ഥലം കണ്ടെത്താനും ഇവർ പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇവർക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ദൈനംദിന ചെലവുകൾക്കുമുള്ള ധനസമാഹരണത്തിനായി മലയാളികൾ ഒത്തു ചേർന്നത്. ഏത് വിധേനയും ഇവർക്ക് താമസ രേഖ ഉണ്ടാക്കാനാകുമോ എന്നും ഇവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന മലയാളികൾ ശ്രമിക്കുന്നുണ്ട്.
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി കഴിയേണ്ടി വരുന്ന ഈ കുടുംബത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിൽ ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക ജീവകാരുണ്യ പ്രവർത്തകരും പങ്കാളികളായി. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഉൾപ്പെടെ വിവിധ കൂട്ടായ്മകളും വ്യക്തികളും പരിപാടിയിൽ സാമ്പത്തിക സഹായം കൈമാറി. ജിദ്ദയിലെ വിവിധ ഗായകർ അണിനിരത്തി ഗാനസന്ധ്യയൊരുക്കിയാണ് ധനസമാഹരണത്തിനുള്ള വേദിയൊരുക്കിയത്.