സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
ദമ്മാം: സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജമൽ ഷാജഹാനാണ് മരിച്ചത്. തീപിടിത്തത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ പത്തുപേരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.
ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വർക്ക്‌ഷോപ്പിന് മുകളിൽ താമസിച്ചിരുന്ന ജീവനക്കാരാണ് പുക ശ്വസിച്ചും പൊള്ളലേറ്റും മരിച്ചത്. വെള്ളിയാഴ്ച അവധിയായതിനാൽ പുലർച്ച വരെ ജോലി ചെയ്ത് വന്ന് ഉറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ചുപേർ ഇന്ത്യക്കാരും മൂന്നുപേർ ബംഗ്ലാദേശ് സ്വദേശികളുമാണ്.
അപകട കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 10 അഗ്‌നിശമന സേനാ യൂണിറ്റുകളെത്തിയതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൃതദേഹങ്ങൾ അൽ ഹസ്സ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാരാന്ത്യ അവധിയായതിനാൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൽ നാളെ മാത്രമേ ലഭ്യമാകുകയുള്ളൂ.