സൗദി അന്താരാഷ്ട്ര മീഡിയ ഫോറത്തിൽ മീഡിയവണിന് ക്ഷണം
മീഡിയവണിന് പ്രത്യേക പവലിയനും ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഒരുക്കും
റിയാദ്: സൗദിഅറേബ്യയിലെ മാധ്യമ മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിച്ചു വരുന്ന അന്താരാഷ്ട്ര മീഡിയ ഫോറത്തിൽ മീഡിയവൺ പങ്കെടുക്കുന്നു. സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ക്ഷണത്തിൽ മീഡിയവൺ സിഇഒ റോഷൻ കക്കാട്ട് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. മീഡിയവണിന് പ്രത്യേക പവലിയനും ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഒരുക്കും. അന്താരാഷ്ട്ര മാധ്യമങ്ങളും കമ്പനികളും പങ്കെടുക്കുന്ന ഫ്യൂച്ചർ മീഡിയ എക്‌സിബിഷനിൽ മീഡിയവൺ മാധ്യമപങ്കാളിയാണ്.
അറബ് ലോകത്തെ സുപ്രധാന അന്താരാഷ്ട്ര മാധ്യമ സംഗമമാണ് മീഡിയ ഫോറം. ഇത്തവണ അന്താരാഷ്ട്ര മാധ്യമങ്ങളേയും ഇതിൽ പങ്കെടുപ്പിക്കുകയാണ് സൗദിയിലെ മാധ്യമ മന്ത്രാലയവും സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും. ഈ ഫോറത്തിന്റെ ഭാഗമായി മാധ്യമ ലോകത്തിന്റെ ഭാവി പറയുന്ന അന്താരാഷ്ട്ര എക്‌സിബിഷൻ റിയാദ് അരീനയിലെ എക്‌സിബിഷൻ സെന്ററിൽ നടക്കും.
ഫ്യൂച്ചർ മീഡിയ എക്‌സിബിഷൻ അഥവാ ഫോമക്‌സിൽ ഇത്തവണ മാധ്യമ പങ്കാളിയായി സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി മീഡിയവണിനെയും ക്ഷണിച്ചു. മീഡിയവണിന് പ്രത്യേക പവലിയൻ അതോറിറ്റി തന്നെ ഒരുക്കും. മീഡിയ ഫോറം സമ്മേളനത്തിൽ മീഡിയവൺ സിഇഒ, മീഡിലീസ്റ്റ് മാനേജർ, സൗദി ബ്യൂറോ അംഗങ്ങൾ എന്നിവരും ക്ഷണിതാക്കളാണ്.
ഫെബ്രുവരി 19 മുതൽ 21 വരെയാണ് എക്‌സിബിഷൻ. എന്നാൽ അന്താരാഷ്ട്ര മീഡിയ ഫോറം 20ന് സമാപിക്കും. ഇന്ത്യയിൽ നിന്നുള്ള ടിവി വാർത്ത രംഗത്തെ ഏക സാന്നിധ്യമായി സൗദിയിലെ ഈ എക്‌സ്‌പോയിൽ മീഡിയവൺ മാറും. സൗദിയിലെ ഭരണകൂടത്തിന്റെ സുപ്രധാന പരിപാടികളിൽ മീഡിയവൺ സാന്നിധ്യമാണ്. ഇന്ത്യാ-സൗദി ബന്ധത്തിൽ പ്രവാസികളുടെ പങ്കാളിത്തം സജീവമാക്കി നിലനിർത്തുകയാണ് ഇത്തരം പരിപാടികളിലൂടെ മീഡിയവൺ.