സൗദിയില്‍ ഉച്ച സമയത്തെ ജോലികള്‍ക്കുള്ള വിലക്ക് നിലവില്‍ വന്നു
സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് പുതിയ നിയമം പ്രാബല്യത്തിലുണ്ടാകുക
സൗദിയില്‍ ഉച്ചസമയത്ത് ജോലിചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമം ഇന്നലെ മുതല്‍ നിലവില്‍ വന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെയുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയത്.
സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് പുതിയ നിയമം പ്രാബല്യത്തിലുണ്ടാകുക. എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകമാണ്.
ചട്ടങ്ങള്‍ ലംഘിക്കുന്ന ഓരോ തൊഴിലാളിയുടെയും പേരില്‍ തൊഴിലുടമയില്‍ നിന്ന് 3,000 റിയാല്‍ വീതം പിഴ ചുമത്തുമെന്നും മന്ത്രാലയ വക്താവ് സാദ് അല്‍ ഹമ്മദ് ഒകാസ് അറിയിച്ചു. നിരോധനം ലംഘിക്കുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴയുടെ തുക ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 30 ദിവസത്തോളമോ സ്ഥിരമായോ സ്ഥാപനം അടച്ചുപൂട്ടാനും കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ്, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറന്ന സ്ഥലത്തെ ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള തൊഴില്‍നിയമ ലംഘനം ശ്രദ്ദയില്‍പെട്ടാല്‍ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ സര്‍വീസ് ഫോണ്‍ നമ്പരായ 199911 വഴി അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.