ഭക്തജന സമുദ്രമായി മക്കയും മദീനയും; റമദാനിലെ ആദ്യ ജുമുഅയില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍

ജുമുഅക്ക് മുമ്പ് പതിവിലും നേരത്തെ മക്ക ഹറമിന്റെ അകവും പുറവും മേല്‍ത്തട്ടുകളും നിറഞ്ഞു കവിഞ്ഞു.രാത്രി നമസ്‌കാരങ്ങളിലും വിശ്വാസികളുടെ തിരക്ക്

Update: 2024-03-15 16:09 GMT
Advertising

മക്ക: പുണ്യ റമദാനിന്റെ ആത്മനിര്‍വൃതിയില്‍ ആദ്യ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് ഇരുഹറമുകളിലും എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്ക് പുറമെ, വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ മക്കയിലേക്കും മദീനയിലേക്കും സൗദിക്കകത്ത് നിന്നും വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ജുമുഅക്ക് മുമ്പ് പതിവിലും നേരത്തെ മക്ക ഹറമിന്റെ അകവും പുറവും മേല്‍ത്തട്ടുകളും നിറഞ്ഞു കവിഞ്ഞു. നമസ്‌കാരത്തിന് വേണ്ടിയുള്ള വിശ്വാസികളുടെ നിരകള്‍ ഹറം മുറ്റവും കവിഞ്ഞ് റോഡുകളിലേക്ക് നീണ്ടു. മണിക്കൂറുകള്‍ എടുത്താണ് വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്ക് ശേഷം ഹറമില്‍ നിന്നും പുറത്ത് എത്താനായത്.

മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളില്‍നിന്ന് ഹറമുകളിലെ ജുമുഅയില്‍ പങ്കെടുക്കാനെത്തിയവരില്‍ അധിക പേരും ഇഫ്താറിലും രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിലും പങ്കെടുത്ത ശേഷമാണ് ഹറമുകളോട് വിടപറഞ്ഞത്. മക്കയില്‍ ഷെയ്ഖ് ബന്ദര്‍ ബലീലയും മദീനയില്‍ ഡോക്ടര്‍ ഹുസ്സൈന്‍ അല്‍ ഷെയ്ഖും റമദാനിലെ ആദ്യ ജുമുഅ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസിന്റെ മേല്‍നോട്ടത്തില്‍ ജുമുഅക്കെത്തുന്നവരെ സ്വീകരിക്കാന്‍ മാനുഷികവും യാന്ത്രികവുമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഹറമുകളുടെ കൂടുതല്‍ കവാടങ്ങള്‍ തുറന്നിട്ടും, നടപാതകള്‍ ഒരുക്കിയും പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കി. ഹറമിലേക്ക് എത്തുന്ന റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പെടുത്തി കാല്‍നടക്കാരുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്തു. 

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News