ഹജ്ജിന് അണിഞ്ഞൊരുങ്ങി മിനാ താഴ്‌വാരം; ഒരുക്കങ്ങളെല്ലാം പൂർത്തിയായി
ഇത്തവണയും കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഹാജിമാർക്ക് മിനായിൽ ഒരുക്കിയിട്ടുള്ളത്
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തമ്പുകളുടെ നഗരിയായ മിനാ താഴ്‍വാരവും ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. തമ്പുകൾക്ക് പുറമേ ബിൽഡിങുകളിലും ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളാണ് ഓരോ താമസസ്ഥലങ്ങളിലും ഹാജിമാരെ കാത്തിരിക്കുന്നത്. നാളെ രാത്രിയാണ് ഹാജിമാരുടെ സംഘങ്ങൾ ബസുകളിൽ മിനായിലെത്തുക.
ഇത്തവണയും കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഹാജിമാർക്ക് മിനായിൽ ഒരുക്കിയിട്ടുള്ളത്. 70 തമ്പുകളും ആറ് കെട്ടിട സമുച്ചയങ്ങളും ഇതിനായി തയ്യാറായി കഴിഞ്ഞു. ഓരോ തീർത്ഥാടകനും തമ്പുകളിൽ 5.33 ചതുരശ്ര മീറ്റർ അനുവദിച്ചിട്ടുണ്ട്. സാധാരണ ഒരു ചതുരശ്ര മീറ്ററാണ് അനുവദിക്കാറുള്ളത്. കെട്ടിടത്തിലാകട്ടെ 4.37 ചതുരശ്രമീറ്ററും നൽകിയിട്ടുണ്ട്.
ഓരോ തമ്പുകളിലും കെട്ടിടത്തിലും ഊഷ്മാവ് പരിശോധിക്കുന്ന തെർമൽ സ്കാനിങ് യന്ത്രങ്ങളുണ്ടാകും. താമസസ്ഥലങ്ങളിൽ ഹാജിമാർക്ക് മൂന്നു സമയവും ഭക്ഷണം ഹജ്ജ് സർവീസ് കമ്പനികൾ വിതരണം ചെയ്യും. മാസ്ക്, ടിഷ്യു, നമസ്കാര പായ, സാനിറ്റൈസർ മുതലായവ ഹാജിമാർ എല്ലായ്പോഴും കയ്യിൽ കരുതണം. ഓരോ തമ്പിനോടും കെട്ടിടത്തിനോടും ചേർന്ന് ആരോഗ്യ പ്രവർത്തകരും ഉണ്ടാകും.