സൗദി അറേബ്യയിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു
വിദേശത്ത് നിന്ന് റിയാദിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്
സൗദി അറേബ്യയിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അദ്ദേഹവുമായി സഹവസിച്ചവരെ പരിശോധിച്ചെങ്കിലും ആർക്കും ലക്ഷണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുവസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒന്‍പത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ കുരങ്ങുവസൂരി ആദ്യമായി കണ്ടെത്തിയത്.
രോഗപ്പകർച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ കുരങ്ങുവസൂരി വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയിൽനിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങുവസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
ലക്ഷണങ്ങൾ
സാധാരണഗതിയിൽ കുരങ്ങുവസൂരിയുടെ ഇൻകുബേഷൻ കാലയളവ് ആറുമുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് അഞ്ചു മുതൽ 21 ദിവസം വരെയാകാം. രണ്ടു മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.